
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ ലഭിക്കാതെ മരിച്ച കൊല്ലം പന്‍മന സ്വദേശി വേണുവിന്റെ കുടുംബാംഗങ്ങളുടെ മൊഴി ഇന്ന് ആരോഗ്യ വകുപ്പ് നിയോഗിച്ച അന്വേഷണ സംഘം രേഖപ്പെടുത്തും. അധികൃതരുടെ അനാസ്ഥയാണ് വേണുവിന്റെ മരണകാരണമെന്ന് കുടുംബം നേരത്തെ ഉന്നയിച്ച ഗുരുതരമായ പരാതിയുടെ അടിസ്ഥാനത്തിലാണ് നിര്‍ണ്ണായക നടപടി. ഇന്ന് രാവിലെ 11 മണിക്ക് ചവറയിലെ കെ.എം.എം.എല്‍. ഗസ്റ്റ് ഹൗസില്‍ വെച്ചാണ് മൊഴിയെടുപ്പ് നടക്കുക.
മതിയായ പരിചരണം നല്‍കാതിരുന്നത് വേണുവിന്റെ മരണത്തിലേക്ക് നയിച്ചുവെന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണം. ഇതിന് തെളിവായി, മരണത്തിന് മുന്‍പ് വേണു സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ച ശബ്ദസന്ദേശത്തിലും ചികിത്സാപരമായ അനാസ്ഥയെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. ഈ ശബ്ദരേഖകള്‍ കേസില്‍ നിര്‍ണ്ണായക തെളിവായി മാറിയിട്ടുണ്ട്. അതേസമയം, മുന്‍പ് രണ്ടു പ്രാവശ്യം മൊഴിയെടുക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അത് മാറ്റിവെക്കേണ്ടി വന്നിരുന്നു.
വീട്ടിലെത്തി മൊഴിയെടുക്കണമെന്ന കുടുംബാംഗങ്ങളുടെ ആവശ്യം അന്വേഷണ സംഘം നിരാകരിച്ചതിനെ തുടര്‍ന്നാണ് ചവറ ഗസ്റ്റ് ഹൗസില്‍ വെച്ച് മൊഴിയെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മൊഴിയെടുപ്പിന് ശേഷം അന്വേഷണ സംഘം കൂടുതല്‍ പേരെ ചോദ്യം ചെയ്യുകയും മെഡിക്കല്‍ കോളേജ് അധികൃതരില്‍ നിന്ന് വിശദാംശങ്ങള്‍ തേടുകയും ചെയ്യും.