ജെ എൻ യു സമരം; സർക്കാരിനെ ചിലിയും ഹോങ്കോങ്ങും ഓർമ്മിപ്പിച്ച് ടി എൻ പ്രതാപൻ എം പി.

Jaihind News Bureau
Tuesday, November 19, 2019

ന്യൂഡൽഹി: ജെ എൻ യു വിദ്യാർഥികൾ അവരുടെ മൗലികാവകാശത്തിന് വേണ്ടിയാണ് സമരം ചെയ്യുന്നതെന്നും അവരെ സി.ആർ.പി.എഫിനെയും പോലീസിനെയും ഉപയോഗിച്ച് അമർച്ച ചെയ്യുന്നത് ജനാധിപത്യ സംസ്കാരത്തിന് യോജിച്ചതല്ലെന്നും ടി എൻ പ്രതാപൻ എം പി ലോകസഭയിൽ പറഞ്ഞു. ശൂന്യവേളയിൽ സംസാരിക്കവെയാണ് ടി എൻ പ്രതാപൻ വിദ്യാർത്ഥികളുടെ ആവശ്യം സഭയിൽ ഉയർത്തിയത്. പുതുതായി കൊണ്ടുവന്ന ഹോസ്റ്റൽ മാനുവൽ പിൻവലിക്കണം. ഫീസ് വർദ്ധനവ് അംഗീകരിക്കാനാവില്ല. ജെ എൻ യുവിലെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും പാവപ്പെട്ട പശ്ചാത്തലങ്ങളിൽ നിന്നുള്ളവരാണെന്നും ടി എൻ ചൂണ്ടിക്കാട്ടി.

രാജ്യത്തെ ഉന്നത വിദ്യഭ്യാസം തകർക്കുകയാണ് ഈ സർക്കാർ ചെയ്യുന്നത്. ജെ എൻ യുവിലും ജാമിഅ മില്ലിയ ഇസ്ലാമിയയിലും ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലും സർക്കാർ എല്ലാം തകർക്കാനാണ് ശ്രമിക്കുന്നത്. ടി എൻ പ്രതാപൻ കുറ്റപ്പെടുത്തി. ഇന്നലെ സമാധാനപരമായി സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെ ക്രൂരമായ ആക്രമണം അഴിച്ചുവിട്ട പോലീസ് നടപടിയിൽ ഉന്നത തല അന്വേഷണം നടത്താൻ സർക്കാർ തയ്യാറാവണം. സൗജന്യ പൊതുവിദ്യാഭ്യാസമെന്ന അവകാശം സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാകണം.

അവകാശങ്ങൾക്ക് വേണ്ടി വിദ്യാർത്ഥികൾ തെരുവിലിറങ്ങിയാൽ തീരുന്ന അഹങ്കാരമേ നിങ്ങൾക്കൊള്ളൂ എന്നും കൂടാതെ, ചിലിയിലെയും ഹോങ്കോങ്ങിലേയും സമരങ്ങൾ സർക്കാർ ഓർക്കുന്നത് നല്ലതാണെന്നും ടി എൻ പ്രതാപൻ സർക്കാരിന് മുന്നറിയിപ്പ് നൽകി.