ഇന്ത്യന്‍ നഗരങ്ങള്‍ക്ക് നേരെ കഴിഞ്ഞ ദിവസം രാത്രിയില്‍ പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ തുര്‍ക്കി നിര്‍മ്മിത ഡ്രോണുകള്‍ ഉപയോഗിച്ചതായി സൈനിക വക്താവ്. വെടിവെച്ചിട്ട ഡ്രോണുകളുടെ അവശിഷ്ടങ്ങളില്‍ നടത്തിയ പ്രാഥമിക ഫോറന്‍സിക് വിശകലനത്തില്‍, നിരീക്ഷണത്തിനും കൃത്യമായ ആക്രമണങ്ങള്‍ക്കും സാധാരണയായി ഉപയോഗിക്കുന്ന തുര്‍ക്കി നിര്‍മ്മിത ‘അസിസ്ഗാര്‍ഡ് സോന്‍ഗാര്‍’ മോഡലുകളാണിതെന്ന് വ്യക്തമായതായി സേനയുടെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ‘ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്ഥാന്‍ സൈന്യത്തിനും വലിയ നഷ്ടം സംഭവിച്ചു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണല്‍ സോഫിയ ഖുറേഷി, വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗ് എന്നിവര്‍ പങ്കെടുത്ത വാര്‍ത്താ സമ്മേളനത്തില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
‘2025 മെയ് എട്ടിനും ഒമ്പതിനും ഇടയിലുള്ള രാത്രിയില്‍, പാകിസ്ഥാന്‍ സൈന്യം പടിഞ്ഞാറന്‍ അതിര്‍ത്തിലുടനീളം ഇന്ത്യന്‍ വ്യോമാതിര്‍ത്തി ഒന്നിലധികം തവണ ലംഘിക്കുകയും സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിടാന്‍ ശ്രമിക്കുകയും ചെയ്തു,’ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗ് പറഞ്ഞു. ‘നിയന്ത്രണ രേഖയില്‍ വലിയതോതില്‍ വെടിവെപ്പും പാകിസ്ഥാന്‍ സൈന്യം നടത്തി,’ അവര്‍ കൂട്ടിച്ചേര്‍ത്തു.
വ്യാപകമായ വ്യോമാതിര്‍ത്തി ലംഘനങ്ങളും ഉണ്ടായി. ‘അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണ രേഖയിലും, ലേ മുതല്‍ സര്‍ ക്രീക്ക് വരെ 36 സ്ഥലങ്ങളില്‍ മുന്നൂറിനും നാനൂറിനും ഇടയില്‍ ഡ്രോണുകളും മറ്റ് നോണ്‍-കൈനറ്റിക് മാര്‍ഗ്ഗങ്ങളും ഉപയോഗിച്ച് നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ നടന്നു,’ സര്‍ക്കാര്‍ അറിയിച്ചു. രാത്രി വൈകി സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമായി. ‘പാകിസ്ഥാന്റെ ഒരു സായുധ യുഎവി ഭട്ടിന്‍ഡ സൈനിക കേന്ദ്രം ലക്ഷ്യമിടാന്‍ ശ്രമിച്ചെങ്കിലും അത് കണ്ടെത്തി നിര്‍വീര്യമാക്കി.’ പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണത്തിന് ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ‘പാക് ആക്രമണത്തിന് മറുപടിയായി, പാകിസ്ഥാനിലെ നാല് വ്യോമ പ്രതിരോധ കേന്ദ്രങ്ങളിലേക്ക് സായുധ ഡ്രോണുകള്‍ വിക്ഷേപിച്ചു. അതിലൊരെണ്ണം ഒരു എഡി റഡാര്‍ തകര്‍ത്തു.’
അതിര്‍ത്തി കടന്നുള്ള ആക്രമണം ഡ്രോണുകളില്‍ മാത്രം ഒതുങ്ങിയില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ‘ജമ്മു കശ്മീര്‍ മേഖലയിലെ സുന്ദര്‍, ഉറി, പൂഞ്ച്, മേന്ദര്‍, രജൗരി, അഖ്നൂര്‍, ഉധംപൂര്‍ എന്നിവിടങ്ങളില്‍ നിയന്ത്രണ രേഖയ്ക്ക് കുറുകെ വലിയതോതിലുള്ള പീരങ്കികളും സായുധ ഡ്രോണുകളും ഉപയോഗിച്ച് പാകിസ്ഥാന്‍ ഷെല്ലാക്രമണം നടത്തി. ഇത് ഇന്ത്യന്‍ സൈനികര്‍ക്ക് ചില നാശനഷ്ടങ്ങള്‍ക്കും പരിക്കുകള്‍ക്കും കാരണമായി.’