‘ഇന്ത്യയുടെ ഐക്യം നശിപ്പിക്കാന്‍ അധികാരത്തിലിരിക്കുന്ന തുക്‌ഡെ-തുക്‌ഡെ ഗ്യാങ് തീരുമാനിച്ചിട്ടുണ്ടോ?’; കേന്ദ്രത്തിനെതിരെ ശശി തരൂർ എം.പി

Jaihind News Bureau
Sunday, August 23, 2020

 

ഹിന്ദി അറിയാത്തതിന്‍റെ പേരിൽ കേന്ദ്ര ആയുഷ് മന്ത്രാലയം സംഘടിപ്പിച്ച വെബിനാറിൽ നിന്ന് തമിഴ്നാട്ടില്‍ നിന്നുള്ള ഡോക്ടർമാരെ ഇറക്കിവിട്ട സംഭവത്തില്‍ രൂക്ഷവിമർശനവുമായി ശശി തരൂർ എം.പി. ഇന്ത്യയുടെ ഐക്യം നശിപ്പിക്കാന്‍ കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന തുക്‌ഡെ-തുക്‌ഡെ ഗ്യാങ് തീരുമാനിച്ചിട്ടുണ്ടോയെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു . ഹിന്ദി അറിയില്ലെങ്കിൽ പുറത്ത് പോകാൻ ഡോക്ടർമാരോട് ആവശ്യപ്പെട്ട ആയുഷ് സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടെച്ചക്കെതിരെയും തരൂർ രംഗത്തെത്തി.

രാജ്യത്തെ ഭിന്നിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. കേന്ദ്ര സർക്കാരിന് മാന്യത ഉണ്ടെങ്കിൽ ആയുഷ് സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് നീക്കി തമിഴ് സിവില്‍ സർവന്‍റിനെ കൊണ്ട് വരണമെന്നും തരൂർ ആവശ്യപ്പെട്ടു. ഗവണ്‍മെന്‍റ് സെക്രട്ടറി സ്ഥാനത്തിരിക്കുന്ന ഒരു ഉദ്യോഗസ്ഥൻ തമിഴരോട് പുറത്ത് പോകാൻ പറയുന്നത് അസാധാരണമായ പ്രവൃത്തിയാണെന്നും ശശി തരൂർ ആരോപിച്ചു.

ആയുഷ് മന്ത്രാലയത്തിന്‍റെ വെര്‍ച്വല്‍ ട്രെയിനിംഗിനിടെയാണ് ഹിന്ദി അറിയാത്ത ഡോക്ടര്‍മാരോട് ഇറങ്ങിപ്പോകാൻ ആയുഷ് സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടെച്ച ആവശ്യപ്പെട്ടത്. തമിഴ്‌നാട്ടില്‍ നിന്നുള്ള യോഗ, പ്രകൃതി ചികിത്സ ഡോക്ടര്‍മാർക്ക് വേണ്ടി നടത്തിയ വെബ്ബിനാറിലായിരുന്നു വിവാദ നടപടി. സംഭവത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നുവരുന്നതിനിടെയാണ് ശശിതരൂരിന്‍റെ  പ്രതികരണം.