സിസ്റ്റം എറര്‍ ഇന്‍ ടോട്ടല്‍ : രോഗിയുടെ നെഞ്ചില്‍ ട്യൂബ് കുരുങ്ങിയ സംഭവം: വിചിത്ര നിലപാടുമായി ആരോഗ്യ വകുപ്പ് ; നീതി തേടി സുമയ്യ

Jaihind News Bureau
Thursday, August 28, 2025

തിരുവനന്തപുരം: തൈറോയ്ഡ് ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതിയുടെ നെഞ്ചില്‍ ട്യൂബ് കുരുങ്ങിയ സംഭവത്തില്‍ വിചിത്ര വിശദീകരണവുമായി സംസ്ഥാന ആരോഗ്യ വകുപ്പ് . തിരുവനന്തപുരം സ്വദേശിയായ സുമയ്യ എന്ന യുവതിയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പരാതി ലഭിച്ചില്ലെങ്കിലും, ഈ വിഷയം ഏപ്രിലില്‍ തന്നെ ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നെന്നും അന്നുതന്നെ അന്വേഷണം നടത്തിയിരുന്നതായും അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ വിദഗ്ധ സമിതിയെ നിയോഗിച്ച് അന്വേഷണം നടത്തിയെന്നും, നിലവില്‍ ഗൈഡ് വയര്‍ കുടുങ്ങിക്കിടക്കുന്നതു മൂലം യുവതിക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. ഇനി പരാതി ലഭിക്കുകയാണെങ്കില്‍ അതും പരിശോധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സംഭവത്തിന്റെ തുടക്കം:
2023-ലാണ് തൈറോയ്ഡ് സംബന്ധമായ ചികിത്സയ്ക്കായി സുമയ്യ എന്ന യുവതിയെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ മള്‍ട്ടി നോഡുലാര്‍ ഗോയിറ്റര്‍ (Multi Nodular Goiter) എന്ന രോഗം കണ്ടെത്തുകയും, തുടര്‍ന്ന് തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യുന്നതിനായുള്ള ശസ്ത്രക്രിയക്ക് വിധേയയാക്കുകയായിരുന്നു. ഡോ. രാജീവ് കുമാറായിരുന്നു ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.

ശസ്ത്രക്രിയക്ക് ശേഷം രക്തവും മരുന്നുകളും നല്‍കാനായി ഞരമ്പ് കണ്ടെത്താന്‍ ബുദ്ധിമുട്ട് വന്നതിനെത്തുടര്‍ന്ന് സുമയ്യക്ക് സെന്‍ട്രല്‍ ലൈന്‍ ഇട്ടിരുന്നു. സാധാരണഗതിയില്‍, ഈ സെന്‍ട്രല്‍ ലൈന്‍ സ്ഥാപിക്കാന്‍ ഉപയോഗിക്കുന്ന ഗൈഡ് വയര്‍ ശസ്ത്രക്രിയക്ക് ശേഷം നീക്കം ചെയ്യാറുണ്ട്. എന്നാല്‍ സുമയ്യയുടെ കാര്യത്തില്‍ അതു ചെയ്തിട്ടില്ല. ഈ ഗൈഡ് വയര്‍ നെഞ്ചില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇത് നീക്കം ചെയ്യാതിരുന്നത് യുവതിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുകയും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തുവെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

ചികിത്സയും കണ്ടെത്തലുകളും:
ശസ്ത്രക്രിയക്ക് ശേഷം അനുഭവപ്പെട്ട അസ്വസ്ഥതകളെ തുടര്‍ന്ന് സുമയ്യ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിലടക്കം വിദഗ്ദ്ധ ചികിത്സ തേടിയിരുന്നു. അവിടെ നടത്തിയ എക്‌സ്-റേ പരിശോധനയിലാണ് ഗൈഡ് വയര്‍ നെഞ്ചിലെ ധമനികളോട് ഒട്ടിപ്പിടിച്ച് കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. ഇത് പിന്നീട് ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാന്‍ സാധിക്കില്ലെന്നും, പുറത്തെടുക്കാന്‍ ശ്രമിച്ചാല്‍ ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാകാമെന്നും വിദഗ്ദ്ധ ഡോക്ടര്‍മാര്‍ സുമയ്യയെ അറിയിച്ചു. ഈ വിവരം സുമയ്യയെയും കുടുംബത്തെയും ഞെട്ടിച്ചു.

യുവതിയുടെ ആവശ്യം:
ഡോക്ടര്‍മാരുടെ ഭാഗത്തുനിന്ന് ഗുരുതരമായ പിഴവുണ്ടായതായി സുമയ്യ ആരോപിക്കുന്നു. തനിക്ക് നീതി ലഭിക്കണമെന്നും, നെഞ്ചില്‍ കുടുങ്ങിക്കിടക്കുന്ന ഗൈഡ് വയര്‍ കാരണം ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് വ്യക്തമായ വിശദീകരണവും അതുമായി ബന്ധപ്പെട്ട വിദഗ്ദ്ധ ചികിത്സയും ലഭിക്കണമെന്നുമാണ് സുമയ്യയുടെ പ്രധാന ആവശ്യം. ഒരു വര്‍ഷത്തോളമായി നെഞ്ചില്‍ ട്യൂബുമായി ജീവിക്കേണ്ടി വന്നതും, തുടര്‍ ചികിത്സകള്‍ക്കുണ്ടായ സാമ്പത്തിക ബാധ്യതയും മാനസിക ബുദ്ധിമുട്ടുകളും യുവതിയെ തളര്‍ത്തിയിട്ടുണ്ട്.

ആരോഗ്യ വകുപ്പിന്റെ നിലപാട്:
ഈ വയര്‍ കാരണം നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങളൊന്നും സുമയ്യക്ക് ഇല്ലെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍ . എന്നാല്‍, ഇത് പൂര്‍ണ്ണമായും നീക്കം ചെയ്യാന്‍ സാധിക്കില്ലെന്ന ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് ഗുരുതരമായ ആശങ്ക ഉയര്‍ത്തുന്നുണ്ട്. രോഗിയുടെ പരാതി ലഭിച്ചാല്‍ തുടര്‍ അന്വേഷണം നടത്താമെന്ന ആരോഗ്യ വകുപ്പിന്റെ നിലപാട്, യുവതിക്ക് നീതി ലഭ്യമാക്കാന്‍ സഹായിക്കുമോ എന്ന് കണ്ടറിയണം. ഈ സംഭവം സംസ്ഥാനത്തെ ചികിത്സാ രംഗത്തെ പിഴവുകളെക്കുറിച്ചുള്ള ആശങ്കകള്‍ വീണ്ടും ഉയര്‍ത്തുകയാണ്.