തൃശൂർ: തൃശൂരില്‍ ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി പോലീസ്. ടിടിഇ വിനോദിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് പ്രതി തള്ളിയിട്ടതെന്ന് എഫ്ഐആർ. ഒഡിഷ സ്വദേശി രജനീകാന്താണ് പ്രതി. ഇന്നലെ രാത്രിയായിരുന്നു സംഭവം. എറണാകുളം-പട്ന എക്സ്പ്രസിലാണ് സംഭവം നടന്നത്. ടിക്കറ്റ് ചോദിച്ചതിന്‍റെ പകയാണ് പ്രതി ടിടിഇയെ കൊലപ്പെടുത്താന്‍ കാരണമെന്ന് പോലീസ് വ്യക്തമാക്കി.
മുളങ്കുന്നത്ത്കാവ് റെയിൽവേ സ്റ്റേഷൻ കഴിഞ്ഞ ശേഷമാണ് ടിടിഇ പ്രതിയോട് ടിക്കറ്റ് ചോദിച്ചത്. പതിനൊന്നാം കോച്ചിന്‍റെ പിന്നിൽ വലതു ഡോറിന് സമീപത്ത് നിൽക്കുകയായിരുന്ന ടിടിഇയെ പ്രതി പിന്നിൽ നിന്ന് രണ്ടു കൈകൾ കൊണ്ടും തള്ളിയിട്ടുവെന്ന് എഫ്ഐആറിൽ പറയുന്നു. ഐപിസി 302 വകുപ്പ് ചുമത്തിയാണ് പോലീസ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്.
പ്രതി ജനറല്‍ ടിക്കറ്റ് എടുത്താണ് ട്രെയിനില്‍ കയറിയത്. തുടർന്ന് റിസര്‍വ് കോച്ചില്‍ ഇയാള്‍ കയറുകയും ആയിരം രൂപ പിഴയീടാക്കണമെന്ന് ടിടിഇ വ്യക്തമാക്കി. ഇതാണ് ടിടിഇയെ ട്രെയിനില്‍ നിന്നും തള്ളിയിടാന്‍ കാരണമെന്ന് പ്രതി പോലീസിനോട് പറഞ്ഞു. തന്റെ കൈയില്‍ പണമില്ലായിരുന്നുവെന്നും പിഴ നല്‍കണമെന്ന് പറഞ്ഞതോടെയാണ് ടിടിഇ വിനോദിനെ പുറത്തേക്ക് ചവിട്ടിയിട്ടതെന്നാണ് രജനീകാന്ത് പറയുന്നത്. ട്രാക്കിലേക്ക് വീണ വിനോദിന്‍റെ ശരീരത്തിലൂടെ മറ്റൊരു ട്രെയിന്‍ കയറിയിറങ്ങുകയായിരുന്നു. സപാലക്കാട് നിന്നാണ് പ്രതിയെ റെയില്‍വേ പൊലീസ് പിടികൂടിയത്.