ടിടിഇയ്ക്ക് ട്രെയിനില്‍ മര്‍ദനം; ടിക്കറ്റെടുക്കാതെ കയറിയത് ചോദ്യം ചെയ്തപ്പോള്‍ ടിടിഇയുടെ മൂക്കിന് ഇടിച്ചു

Jaihind Webdesk
Monday, May 13, 2024

പാലക്കാട്: വീണ്ടും ടിടിഇയ്ക്ക് ട്രെയിനില്‍ മര്‍ദനം. ടിക്കറ്റെടുക്കാതെ കയറിയത് ചോദ്യം ചെയ്തപ്പോള്‍ യാത്രക്കാരൻ ടിടിഇ യുടെ മൂക്കിന് ഇടിച്ചു. ഷൊര്‍ണൂര്‍ വച്ചാണ് സംഭവം. മംഗലാപുരം – തിരുവനന്തപുരം മാവേലി എക്സ്പ്രസ്സിലെ ടിടിഇ വിക്രം കുമാര്‍ മീണക്കാണ് മർദ്ദനമേറ്റത്. ടിക്കറ്റ് ഇല്ലാതെ റിസർവേഷൻ കംപാര്‍ട്ടുമെന്‍റില്‍ യാത്ര ചെയ്യുന്നത് ടിടിഇ ചോദ്യം ചെയ്തപ്പോഴുണ്ടായ തര്‍ക്കത്തിന് പിന്നാലെ മൂക്കിന് ഇടിക്കുകയായിരുന്നുവെന്ന് വിക്രം കുമാര്‍ മീണ പറഞ്ഞു.

മംഗലാപുരം – തിരുവനന്തപുരം മാവേലി എക്സ്പ്രസ്സിലെ ടിടിഇയാണ് വിക്രം കുമാര്‍ മീണ. ഇന്നലെ രാത്രിയില്‍ ട്രെയിൻ തിരൂര്‍ എത്താറായപ്പോഴാണ് സംഭവം നടന്നത്. നിലവില്‍ ഷൊര്‍ണൂര്‍ റെയില്‍വേ ആശുപത്രിയില്‍ ചികിത്സയിലാണ് വിക്രം കുമാര്‍ മീണ. അതിക്രമം നടത്തിയ തിരുവനന്തപുരം സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇക്കഴിഞ്ഞ ഏപ്രില്‍ രണ്ടിന് എറണാകുളം മഞ്ഞുമ്മല്‍ സ്വദേശിയായ ടിടിഇ വിനോദ് കുമാറിനെ ഇതേ രീതിയില്‍ ട്രെയിനില്‍ നിന്ന് യാത്രക്കാരൻ തള്ളിയിട്ട് കൊന്ന സംഭവം ഏറെ ഞെട്ടലോടെയാണ് കേരളം കേട്ടത്. ഇതിന് ശേഷവും സമാനമായ പല സംഭവങ്ങളും ആവര്‍ത്തിച്ചിരുന്നു. ടിടിഇമാരുടെ സുരക്ഷ സംബന്ധിച്ച ആശങ്കയും ട്രെയിൻ യാത്രയിലെ പൊതുവിലുള്ള സുരക്ഷിതത്വവുമെല്ലാം ഇതോടെ വീണ്ടും ചര്‍ച്ചയിലാവുകയാണ്.