റഷ്യയുടെ പസഫിക് തീരത്ത്, കാംചട്ക പെനിന്‍സുലയ്ക്ക് സമീപം 8.7 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനത്തെ തുടര്‍ന്ന് റഷ്യയിലും ജപ്പാനിലും സുനാമി തിരമാലകള്‍ ആഞ്ഞടിച്ചു. ഇതിനെത്തുടര്‍ന്ന്, ജപ്പാനിലെ ഫുകുഷിമ ആണവ നിലയത്തിലെ ജീവനക്കാരെ മുന്‍കരുതലെന്ന നിലയില്‍ ഒഴിപ്പിച്ചു.
പുലര്‍ച്ചെയുണ്ടായ അതിശക്തമായ ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. റഷ്യയിലെ സെവേറോ-കുറില്‍സ്‌ക് മേഖലയില്‍ സുനാമി തിരകള്‍ കരയിലേക്ക് ആഞ്ഞടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. റഷ്യന്‍ ഫാര്‍ ഈസ്റ്റ് മേഖലയിലെ തീരപ്രദേശങ്ങളിലാണ് സുനാമി ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരുന്നത്.
ജപ്പാനിലെ വടക്കന്‍ ഹൊക്കൈഡോ മേഖലയിലും സുനാമി ആഞ്ഞടിച്ചു. ഒരു മീറ്റര്‍ വരെ ഉയരമുള്ള തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്കന്‍ തീരങ്ങളിലും, പ്രത്യേകിച്ച് അലാസ്‌കയിലും ഹവായിയിലും സുനാമി ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്
റഷ്യന്‍ അടിയന്തര സേവനങ്ങള്‍ ദുരന്തബാധിത പ്രദേശങ്ങളില്‍ ഒഴിപ്പിക്കല്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു. ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ആറാമത്തെ വലിയ ഭൂചലനമാണ് റഷ്യയിലുണ്ടായതെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, ന്യൂസിലന്‍ഡ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.