ഝാർഖണ്ഡിൽ ചംപയ് സോറൻ സർക്കാർ ഇന്ന് വിശ്വാസ വോട്ട് തേടും. 43 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന ആത്മവിശ്വാസത്തിലാണ് ചംപയ് സോറൻ. ഭരണപക്ഷമായ മഹാസഖ്യത്തിലെ എംഎൽഎമാർ ഹൈദരാബാദിൽ നിന്നും ഇന്നലെ വൈകിട്ട് റാഞ്ചിയിൽ എത്തി. മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാൻ റാഞ്ചി പ്രത്യേക കോടതി അനുമതിയും നൽകിയിട്ടുണ്ട്.
മഹാസഖ്യം പത്ത് ദിവസത്തിനകം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവർണറുടെ നിർദേശത്തിൽ ചംപയ് സോറൻ സർക്കാർ ഇന്ന് വിശ്വാസ വോട്ട് തേടും. 48 എംഎൽഎമാരുടെ പിന്തുണ സർക്കാരിന് ഉണ്ടെന്ന് ജെഎംഎം, കോൺഗ്രസ്, ആർജെഡി നേതാക്കൾ അറിയിച്ചു. ചംപയ് സോറൻ 43 എംഎൽഎമാരുടെ പിന്തുണ കത്താണ് ഗവർണർക്ക് നൽകിയത്. ഹൈദരാബാദിലേക്ക് മാറ്റിയ മഹാസഖ്യ എംഎൽഎമാർ ഇന്നലെ വൈകിട്ടോടെ റാഞ്ചിയിൽ എത്തി.
തിങ്കൾ ചൊവ്വ ദിവസങ്ങളിലായി നിയമസഭ ചേരാനാണ് തീരുമാനം . വിമത എംഎൽഎമാരെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി ചംപയ് സോറൻ ശ്രമം നടത്തുന്നുണ്ട്. നിലവിൽ ഇഡി കസ്റ്റഡിയിലുള്ള മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനെ ചോദ്യം ചെയ്യുന്നതും തുടരുകയാണ്. ഹേമന്ത് സോറന് വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാൻ കോടതി അനുമതി നൽകിയിട്ടുണ്ട്.കേസിൽ ഹേമന്ത് സോറന്റെ സഹായിയായിരുന്ന സർക്കാർ ഉദ്യോഗസ്ഥനെയും ഇഡി അറസ്റ്റ് ചെയ്തു. ഇഡി അറസ്റ്റിനെതിരെ ഹേമന്ദ് സോറൻ നൽകിയ ഹർജി ഝാർഖണ്ഡ് ഹൈക്കോടതി ഇന്ന് പരിഗണിക്കും.