ശബരിമലയിലേക്ക് പോകാൻ തൃപ്തി ദേശായി കേരളത്തിലെത്തി. തൃപ്തി ദേശായിയും സംഘവും പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങി. ഭൂമാതാ ബ്രിഗേഡിലെ അഞ്ചു പേർ തൃപ്തി ദേശായിയുടെ സംഘത്തിലുണ്ട്. നേരത്തെ ശബരിമല ദർശനം നടത്തിയ ബിന്ദു അമ്മിണിയും തൃപ്തിക്കൊപ്പമുണ്ട്.
കോട്ടയം വഴിയാണ് സംഘത്തിന്റെ യാത്ര. യുവതികള്‍ക്ക് ശബരിമല പ്രവേശത്തിന് സ്റ്റേ ഇല്ലെന്നും കോടതി ഉത്തരവോടുകൂടിയാണ് എത്തിയിരിക്കുന്നതെന്നും തൃപ്തി മാധ്യമങ്ങളോട് പ്രതികരിച്ചു. സുരക്ഷ കിട്ടിയാലും ഇല്ലെങ്കിലും ശബരിമല സന്ദര്‍ശിക്കുമെന്നും തൃപ്തി ദേശായി വ്യക്തമാക്കി. അതേസമയം, വിലക്ക് സര്‍ക്കാര്‍ എഴുതി നല്കിയാല് മടങ്ങാന്‍ തയ്യാറാണെന്നും അവര്‍ അറിയിച്ചു.
ഇതിനിടെ, ബിന്ദു അമ്മിണിക്കു നേരെ കൊച്ചിയിൽ ആക്രമണം. മുഖത്ത് മുളക് സ്പ്രേ ചെയ്തു. ഹിന്ദു ഹെൽപ്പ് ലൈൻ നേതാവ് ശ്രീനാഥ് കസ്റ്റഡിയിൽ. കൊച്ചി കമ്മീഷണർ ഓഫീസിനു മുന്നിലാണ് സംഭവം. ബിന്ദു അമ്മിണിയെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കൊച്ചിയിൽ ഇവർക്കെതിരെ പ്രതിഷേധം ശക്തമാണ്.