
വാഷിംഗ്ടണ്‍: ചൈനയും പാക്കിസ്ഥാനും രഹസ്യമായി ആണവായുധ പരീക്ഷണങ്ങള്‍ നടത്തുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെളിപ്പെടുത്തി. സിബിഎസ് ’60 മിനിറ്റ്‌സ്’ പരിപാടിയില്‍ നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ ഞെട്ടിക്കുന്ന പ്രസ്താവന. 33 വര്‍ഷത്തെ മൊറട്ടോറിയം അവസാനിപ്പിച്ച് അമേരിക്ക ആണവായുധ പരീക്ഷണങ്ങള്‍ പുനരാരംഭിക്കാന്‍ ഉത്തരവിട്ടതിനെ ന്യായീകരിച്ചുകൊണ്ടാണ് ട്രംപ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ട്രംപിന്റെ ഈ വെളിപ്പെടുത്തല്‍ ഇന്ത്യക്ക് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്, പ്രത്യേകിച്ചും ചൈനയും പാക്കിസ്ഥാനുമായി രണ്ട് അതിര്‍ത്തികളില്‍ സംഘര്‍ഷഭരിതമായ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍.
ആണവായുധങ്ങള്‍ കൈവശമുള്ള രാജ്യങ്ങള്‍ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ടെന്നും, എന്നാല്‍ അവര്‍ അത് പരസ്യമാക്കുന്നില്ലെന്നും ട്രംപ് അവകാശപ്പെട്ടു. ‘റഷ്യയും ചൈനയും പരീക്ഷണം നടത്തുന്നുണ്ട്, പക്ഷേ അവര്‍ അതിനെക്കുറിച്ച് സംസാരിക്കുന്നില്ല. നമ്മള്‍ ഒരു തുറന്ന സമൂഹമാണ്. നമ്മള്‍ വ്യത്യസ്തരാണ്. നമ്മള്‍ അതിനെക്കുറിച്ച് സംസാരിക്കുന്നു. അവര്‍ക്ക് അതിനെക്കുറിച്ച് എഴുതാന്‍ റിപ്പോര്‍ട്ടര്‍മാരില്ല,’ ട്രംപ് പറഞ്ഞു. പാക്കിസ്ഥാനും ഉത്തരകൊറിയയും പരീക്ഷണങ്ങള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ സംഘര്‍ഷം ഒരു ആണവയുദ്ധത്തിന്റെ വക്കിലായിരുന്നുവെന്നും, താന്‍ ഇടപെട്ടതിനാലാണ് അത് ഒഴിവായതെന്നും ട്രംപ് അവകാശപ്പെട്ടു. ഇന്ത്യ പാക്കിസ്ഥാനുമായി ഒരു ആണവയുദ്ധത്തിലേക്ക് പോകുകയായിരുന്നു. അത് ഒരു മോശം സാഹചര്യമായിരുന്നു. വിമാനങ്ങള്‍ രണ്ടിടത്തും വെടിവെച്ച് വീഴ്ത്തി. നിങ്ങള്‍ യുദ്ധം നിര്‍ത്തുന്നില്ലെങ്കില്‍ യുഎസുമായി ഒരു ബിസിനസ്സും ഉണ്ടാകില്ലെന്ന് ഞാന്‍ അവരോട് ഇരു കൂട്ടരോടും പറഞ്ഞു,’ ട്രംപ് ഓര്‍മ്മിപ്പിച്ചു.
ആണവായുധം കൈവശമുള്ള രാജ്യങ്ങള്‍ പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ അത് പരസ്യമാക്കില്ലെന്നും, ഭൂമിക്കടിയില്‍ ആരും അറിയാതെയാണ് ഇത്തരം പരീക്ഷണങ്ങള്‍ നടക്കുന്നതെന്നും ട്രംപ് ആരോപിച്ചു. ചെറിയൊരു പ്രകമ്പനം മാ്ര്രതമായിരിക്കും അനുഭവപ്പെടുക. എന്നാല്‍ ട്രംപിന്റെ വാദമനുസരിച്ച് ഇത്തരം പരീക്ഷണങ്ങള്‍ രഹസ്യമായി കണ്ടെത്താനാകാത്ത വിധം നടത്താനും സാധിക്കും.
ഇന്ത്യക്ക് ആശങ്ക വര്‍ദ്ധിക്കുന്നു ?
ചൈനയും പാക്കിസ്ഥാനും ആണവായുധ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ടെങ്കില്‍ അത് ഇന്ത്യക്ക് കൂടുതല്‍ അസ്ഥിരമായ സാഹചര്യം സൃഷ്ടിക്കും. ഇന്ത്യ ആണവായുധങ്ങളുടെ കാര്യത്തില്‍ ‘ആദ്യം ഉപയോഗിക്കില്ല’ എന്ന നയം പിന്തുടരുന്ന രാജ്യമാണ്. 1998 ന് ശേഷം ഇന്ത്യ ആണവ പരീക്ഷണങ്ങളൊന്നും നടത്തിയിട്ടില്ല.
ഇപ്പോള്‍, യുഎസ് ആണവായുധങ്ങള്‍ പരീക്ഷിക്കാനുള്ള അമേരിക്കന്‍ നീക്കവും, ചൈനയും പാക്കിസ്ഥാനും രഹസ്യമായി ഇത് ചെയ്യുന്നുവെന്ന വെളിപ്പെടുത്തലും ഇന്ത്യക്ക് പോഖ്‌റാന്‍-III നടത്താന്‍ ഒരു വാതില്‍ തുറന്നുനല്‍കിയിരിക്കുകയാണ്. ഇതുവഴി ഇന്ത്യയുടെ ഹൈഡ്രജന്‍ ബോംബിന്റെ കാര്യക്ഷമതയും അഗ്‌നി-VI ഇന്റര്‍കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈലുകള്‍ക്കും (ICBMs) കെ-5 അന്തര്‍വാഹിനി വിക്ഷേപണ മിസൈലുകള്‍ക്കും വേണ്ടിയുള്ള ചെറിയ ആണവായുധങ്ങളുടെ വികസനവും സാധിക്കും.