അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകള്‍ക്ക് 100 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. 2025 ഒക്ടോബര്‍ 1 മുതല്‍ ബ്രാന്‍ഡഡ് അല്ലെങ്കില്‍ പേറ്റന്റുള്ള മരുന്നുകള്‍ക്കാണ് അധിക തീരുവ ചുമത്തുക. എന്നാല്‍, അമേരിക്കയില്‍ ഉത്പാദന പ്ലാന്റുകളുള്ള കമ്പനികളെയും നിര്‍മ്മാണം തുടങ്ങിയിട്ടുള്ള കമ്പനികളെയും ഈ തീരുമാനം ബാധിക്കില്ല.
ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ ഏറ്റവും വലിയ കയറ്റുമതി കേന്ദ്രമാണ് അമേരിക്ക. 2025-ന്റെ ആദ്യ പകുതിയില്‍ 3.7 ബില്യണ്‍ ഡോളറിന്റെ ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളാണ് ഇന്ത്യ ഇവിടേക്ക് കയറ്റി അയച്ചത്.
അമേരിക്കയില്‍ പ്ലാന്റുള്ള ഇന്ത്യന്‍ കമ്പനികള്‍ക്ക് നിലവിലെ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ല. സിപ്ല (Cipla), ഡോ. റെഡ്ഡീസ് ലബോറട്ടറീസ് (Dr. Reddys Laboratories), ലുപിന്‍ (Lup-in) എന്നിവയുള്‍പ്പെടെ നിരവധി പ്രമുഖ ഇന്ത്യന്‍ മരുന്ന് നിര്‍മ്മാതാക്കള്‍ക്ക് ഇതിനകം അമേരിക്കയില്‍ പ്ലാന്റുകളുണ്ട്. അതുപോലെ, പ്രധാന ബ്രാന്‍ഡഡ് കമ്പനിയായ ബയോകോണ്‍ (Bio-con) ഈ മാസം ആദ്യം യുഎസില്‍ ഒരു പുതിയ പ്ലാന്റ് കമ്മീഷന്‍ ചെയ്തതും ഈ തീരുമാനത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാകാന്‍ കാരണമായി.
ഇന്ത്യന്‍ മരുന്നുല്‍പ്പാദന രംഗത്തെ മറ്റൊരു പ്രധാന കമ്പനിയായ സണ്‍ ഫാര്‍മയ്ക്ക് (Sun Pharma) നിലവില്‍ അമേരിക്കയില്‍ പ്ലാന്റുകളില്ല. അതിനാല്‍, അമേരിക്ക ആസ്ഥാനമായുള്ള നിര്‍മ്മാണ പദ്ധതികള്‍ ഉടന്‍ പ്രഖ്യാപിച്ചില്ലെങ്കില്‍, കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ ബാധിക്കുകയും യുഎസ് വിപണിയില്‍ തിരിച്ചടി നേരിടുകയും ചെയ്‌തേക്കാം.