റഷ്യന്‍ എണ്ണ വാങ്ങിയതിന്റെ പേരില്‍ ഇന്ത്യയെ മാസങ്ങളോളം വിമര്‍ശിക്കുകയും കനത്ത താരിഫുകള്‍ ചുമത്തുകയും ചെയ്തതിന് ശേഷം ട്രംപ് തന്റെ ശ്രദ്ധ ചൈനയിലേക്ക് മാറ്റിയിരിക്കുന്നതായി സൂചന. റഷ്യന്‍ എണ്ണ വാങ്ങുന്നത് നാറ്റോ രാജ്യങ്ങള്‍ നിര്‍ത്തണമെന്നും മോസ്‌കോക്കെതിരെ വലിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട ട്രംപ്, ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം മുതല്‍ 100 ശതമാനം വരെ താരിഫ് ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച സന്ദേശത്തിലാണ് ട്രംപ് ഈ ആവശ്യങ്ങള്‍ ഉന്നയിച്ചത്. ‘എല്ലാ നാറ്റോ രാജ്യങ്ങളും റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തി മോസ്‌കോക്കെതിരെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ തയ്യാറാകുമ്പോള്‍, ഞാനും അത് ചെയ്യാന്‍ ഒരുക്കമാണ്. റഷ്യന്‍ എണ്ണ വാങ്ങുന്നത് നാറ്റോയുടെ വിലപേശല്‍ ശേഷിയെ ദുര്‍ബലപ്പെടുത്തുന്നു,’ ട്രംപ് പറഞ്ഞു. ഈ പരിഹാസ്യമായ യുദ്ധം’ അവസാനിപ്പിക്കാന്‍ നാറ്റോ രാജ്യങ്ങള്‍ കൂട്ടായി ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 50% മുതല്‍ 100% വരെ താരിഫ് ഏര്‍പ്പെടുത്തുന്നത് വലിയ സഹായകരമാകുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. റഷ്യയുടെ മേല്‍ ചൈനയ്ക്ക് ശക്തമായ സ്വാധീനമുണ്ടെന്നും, ഈ താരിഫുകള്‍ ആ സ്വാധീനം ഇല്ലാതാക്കുമെന്നും അദ്ദേഹം വാദിച്ചു.
ഈ ആവശ്യം ട്രംപിന്റെ മുന്‍ നിലപാടില്‍ നിന്നുള്ള വ്യക്തമായ മാറ്റമാണ്. അടുത്തിടെ വരെ, ചൈനയ്ക്ക് 30% താരിഫ് മാത്രം ചുമത്തിയിരുന്ന ട്രംപ്, ഇന്ത്യയ്ക്ക് 50% താരിഫ് ചുമത്തിയിരുന്നു. റഷ്യയുടെ ഏറ്റവും വലിയ സഹായികളായി ഇന്ത്യയെയും ചൈനയെയും അദ്ദേഹം ഒരേ മട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു. ട്രംപിന്റെ പുതിയ പ്രസ്താവനയോട് പ്രതികരിച്ച ചൈന, യുദ്ധങ്ങളില്‍ പങ്കാളികളാകുകയോ ഗൂഢാലോചന നടത്തുകയോ ചെയ്യുന്നില്ലെന്ന് വ്യക്തമാക്കി. റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ജി7 രാജ്യങ്ങളോടും യുഎസ് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ആഴ്ചകളായി ഇന്ത്യ-യുഎസ് ബന്ധത്തില്‍ കടുത്ത ഭിന്നതയാണ് നിലനില്‍ക്കുന്നത്. ട്രംപിന്റെ സഹായികള്‍ റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷത്തെ ‘മോദിയുടെ യുദ്ധം’ എന്നുവരെ വിശേഷിപ്പിച്ചിരുന്നു. ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്സിഒ) ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായും സൗഹൃദ സംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്ന ചിത്രങ്ങള്‍ കണ്ടപ്പോള്‍ ഇന്ത്യ ‘ഏറ്റവും ഇരുണ്ട ചൈന യോടു ചേരുന്നതായി ട്രംപ് പരിതപിച്ചിരുന്നു. യുഎസിന്റെ കടുത്ത വിമര്‍ശനങ്ങളെ അവഗണിച്ച്, ഇന്ത്യ ‘റെഡ് ലൈനുകള്‍’ – പ്രത്യേകിച്ച് ഡെയറി, കാര്‍ഷിക വിപണികള്‍ തുറക്കുന്ന വിഷയത്തില്‍ – വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറായില്ല.
ട്രംപ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25% താരിഫും റഷ്യന്‍ എണ്ണ ഇറക്കുമതിക്ക് 25% അധിക പിഴയും ചുമത്തിയത് ബന്ധം കൂടുതല്‍ വഷളാക്കുകയും വ്യാപാര ചര്‍ച്ചകള്‍ സ്തംഭിപ്പിക്കുകയും ചെയ്തു. എന്നിട്ടും, ഇന്ത്യ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. ഇന്ത്യയുടെ ഈ നിശ്ചയദാര്‍ഢ്യവും, ഇന്ത്യ, ചൈന, റഷ്യ എന്നിവ ഒരുമിച്ച് ചേരുന്നത് യുഎസിന് ഒരു ദുരന്തമായി മാറും എന്ന ഭയവും വാഷിംഗ്ടണിന്റെ നിലപാടില്‍ മാറ്റം വരുത്താന്‍ കാരണമായി എന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ആഴ്ച ട്രംപ് പെട്ടെന്ന് നിലപാട് മാറ്റി പ്രധാനമന്ത്രി മോദിയെ ‘ഒരു മികച്ച പ്രധാനമന്ത്രി’ എന്നും ‘പ്രിയ സുഹൃത്ത്’ എന്നു വിശേഷിപ്പിച്ചത് യുഎസ് കളം മാറ്റിച്ചവിട്ടുന്നതിന്റെ സൂചനകള് നല്‍കി. വ്യാപാര ചര്‍ച്ചകള്‍ തുടരാനാവുമെന്ന പ്രതീക്ഷകളുണ്ട് ഇപ്പോള്‍.