അമേരിക്കയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കനത്ത തിരിച്ചടിയായി എച്ച്1ബി (H-1B) വിസയുടെ ഫീസ് കുത്തനെ വര്‍ദ്ധിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താരിഫ് നിരക്കുകള്‍ ഉയര്‍ത്തി വ്യാപാര യുദ്ധത്തിന് തുടക്കമിട്ടതിന് പിന്നാലെയാണ് വിദേശികള്‍ക്ക്, പ്രത്യേകിച്ച് ഇന്ത്യക്കാര്‍ക്ക്, തിരിച്ചടിയാകുന്ന ഈ നീക്കം.
പുതിയ ഉത്തരവ് അനുസരിച്ച്, എച്ച്1ബി വിസയ്ക്ക് ഇനിമുതല്‍ 100,000 യുഎസ് ഡോളര്‍ (ഏകദേശം 90 ലക്ഷം രൂപ) ഫീസ് നല്‍കേണ്ടിവരും. ഇത് നിലവിലുണ്ടായിരുന്ന ഫീസിനേക്കാള്‍ നൂറ് മടങ്ങ് കൂടുതലാണ്. അമേരിക്കയിലെ തൊഴില്‍ വിപണിയില്‍ അമേരിക്കക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുകയാണ് ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ട്രംപിന്റെ നിലപാട്. ഈ നടപടി കോടിക്കണക്കിന് ഡോളര്‍ സമാഹരിക്കാനും നികുതി കുറയ്ക്കാനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുണൈറ്റഡ് സ്റ്റേറ്റ്സ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുറ്റ്നിക് ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള വ്യക്തികളെ മാത്രമേ പുതിയ വിസ പദ്ധതിയിലൂടെ അമേരിക്കയിലേക്ക് സ്വീകരിക്കേണ്ടി വരികയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ നിരക്ക് വര്‍ദ്ധനവ് ഇന്ത്യന്‍ ടെക്കികള്‍ക്ക് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. എച്ച്1ബി വിസയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളാണ് ഇന്ത്യക്കാര്‍. മൊത്തം എച്ച്1ബി വിസ ഉടമകളില്‍ 71 ശതമാനവും ഇന്ത്യക്കാരാണ്, 11 ശതമാനം ചൈനക്കാരുമാണ്. യുഎസ് പ്രഖ്യാപനത്തിന് പിന്നാലെ ഓഹരി വിപണിയില്‍ ടെക് കമ്പനികള്‍ക്ക് തിരിച്ചടി നേരിട്ടു. എച്ച്1ബി വിസ ഉടമകളെ വ്യാപകമായി ആശ്രയിക്കുന്ന കോഗ്നിസന്റ് ടെക്നോളജി സൊല്യൂഷന്‍സ്, ഇന്‍ഫോസിസ്, വിപ്രോ തുടങ്ങിയ ഇന്ത്യന്‍ ടെക് കമ്പനികളുടെ ഓഹരികള്‍ക്ക് 2 മുതല്‍ 5 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി.