Trump-Zelensky Meeting| വലിയ പ്രഖ്യാപനങ്ങളില്ലാതെ ട്രംപ്-സെലന്‍സ്‌കി കൂടിക്കാഴ്ച; അമേരിക്ക – റഷ്യ – യുക്രെയ്ന്‍ ത്രികക്ഷി സമ്മേളനത്തിന് തീരുമാനം

Jaihind News Bureau
Tuesday, August 19, 2025

ലോകം ആകാംക്ഷയോടെ കാത്തിരുന്ന ട്രംപ്-സെലന്‍സ്‌കി ഉച്ചകോടിയില്‍ സമാധാന പ്രഖ്യാപനങ്ങളോ വെടിനിര്‍ത്തല്‍ ധാരണകളോ ഉണ്ടായില്ല. വൈറ്റ് ഹൗസില്‍ നടന്ന യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും യുക്രെയ്ന്‍ പ്രസിഡന്റ് വോലോഡിമിര്‍ സെലെന്‍സ്‌കിയും തമ്മിലുള്ള കൂടിക്കാഴ്ച വലിയ പ്രഖ്യാപനങ്ങളില്ലാതെയാണ് അവസാനിച്ചത്. പുടിനും സെലെന്‍സ്‌കിയും തമ്മില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഒരു കൂടിക്കാഴ്ച നടക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ചര്‍ച്ച ഫലപ്രദമായിരുന്നുവെന്നും, യുക്രെയ്‌നിന്റെ ഭാവി സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ധാരണയിലെത്തിയെന്നും ട്രംപ് വ്യക്തമാക്കി. കൂടാതെ, യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും ഇതില്‍ പങ്കാളികളാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെലെന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി, ട്രംപ് റഷ്യന്‍ പ്രസിഡന്റ് പുടിനുമായി ഫോണില്‍ സംസാരിച്ചിരുന്നു. റഷ്യ-യുക്രെയ്ന്‍ വിഷയത്തില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് പുടിന്‍ സമ്മതിച്ചതായി ട്രംപ് അറിയിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ ഈ കൂടിക്കാഴ്ച നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ വേദി പിന്നീട് തീരുമാനിക്കും. ഇതിന് പുറമെ, യുഎസ്-റഷ്യ-യുക്രെയ്ന്‍ എന്നീ മൂന്ന് രാജ്യങ്ങളെയും ഉള്‍പ്പെടുത്തി ഒരു ത്രികക്ഷി സമ്മേളനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. സമാധാന ശ്രമങ്ങള്‍ താന്‍ ആരംഭിച്ചതായും പുടിനുമായി ഇക്കാര്യങ്ങള്‍ സംസാരിച്ചതായും ട്രംപ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.

ട്രംപ്-സെലെന്‍സ്‌കി കൂടിക്കാഴ്ചയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍, ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ നേതാക്കള്‍ പങ്കെടുത്തത് ശ്രദ്ധേയമാണ്. യുക്രെയ്‌നിന് മേലുള്ള റഷ്യന്‍ സൈനികാക്രമണം തടയുന്നതിനുള്ള നയതന്ത്രപരമായ നീക്കങ്ങള്‍ക്കായാണ് യൂറോപ്യന്‍ നേതാക്കള്‍ ഒന്നിച്ചത്. യുദ്ധത്തിന് ഉപാധികളില്ലാത്ത ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സെലെന്‍സ്‌കി വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ, റഷ്യയുടെ നിയന്ത്രണത്തിലുള്ള ഡോണ്‍ബാസ് മേഖല വിട്ടുകൊടുക്കാന്‍ യുക്രെയ്‌നിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന ആശങ്കകള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഈ പുതിയ നയതന്ത്ര നീക്കങ്ങള്‍ സമാധാനത്തിനുള്ള വഴി തുറക്കുന്നതായി യൂറോപ്യന്‍ നേതാക്കള്‍ വിലയിരുത്തി. യുക്രെയ്‌നിന്റെ പരമാധികാരവും അതിര്‍ത്തികളും സംരക്ഷിച്ചുകൊണ്ടുള്ള ഒരു സമാധാന ഉടമ്പടിക്കായി ശ്രമിക്കുമെന്നാണ് അവര്‍ അറിയിച്ചിട്ടുള്ളത്.