റഷ്യക്ക് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 50 ദിവസത്തിനുള്ളില്‍ യുക്രെയിനുമായുള്ള യുദ്ധം അവസാനിപ്പിക്കണം. അവഗണിച്ചാല്‍ കനത്ത തീരുവ ഏര്‍പ്പെടുത്തുമെന്നും യുക്രെയിന് ആയുധങ്ങള്‍ നല്‍കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. പാശ്ചാത്യ സൈനികസഖ്യമായ നാറ്റോയുടെ സെക്രട്ടറി ജനറല്‍ മാര്‍ക് റട്ടുമായി വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പ്രഖ്യാപനം.
‘ യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ 50 ദിവസത്തിനുള്ളില്‍ ധാരണയിലെത്തിയില്ലെങ്കില്‍ റഷ്യക്ക് മേല്‍ കനത്ത തീരുവ ചുമത്തും. ഞാന്‍ പല കാര്യങ്ങള്‍ക്കും വ്യാപാരം ഉപയോഗിക്കുന്നു. എന്നാല്‍ യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ അത് വളരെ നല്ലതാണ്’ ട്രംപ് പറഞ്ഞു. യുക്രെയ്നിലെ യുദ്ധം പുടിന്‍ കൈകാര്യം ചെയ്തതില്‍ ട്രംപ് കൂടുതല്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. വെടിനിര്‍ത്തല്‍ ലക്ഷ്യമിട്ടുള്ള ചര്‍ച്ചകള്‍ക്കിടയിലും റഷ്യ മിസൈല്‍ ആക്രമണങ്ങള്‍ തുടരുന്നതിനിടെയാണ് യുക്രെയ്നിന് ആയുധം നല്‍കാനുള്ള നീക്കം.
‘പ്രസിഡന്റ് പുടിനെക്കുറിച്ച് എനിക്ക് വളരെ നിരാശയുണ്ട്. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ പാലിക്കുന്ന ഒരാളാണെന്ന് ഞാന്‍ കരുതി – അദ്ദേഹം വളരെ മനോഹരമായി സംസാരിക്കും, പിന്നീട് രാത്രിയില്‍ ആളുകളെ ബോംബ് വയ്ക്കും. എനിക്ക് അത് ഇഷ്ടമല്ല’ -ട്രംപ് തുറന്നടിച്ചു.
റഷ്യയ്ക്കെതിരായ യുദ്ധത്തില്‍ യുക്രെയ്നിനെ പിന്തുണയ്ക്കാന്‍ നാറ്റോയ്ക്ക് അമേരിക്ക അയയ്ക്കുന്ന ആയുധങ്ങളില്‍ പാട്രിയറ്റ് മിസൈല്‍ സംവിധാനങ്ങളും ബാറ്ററികളും ഉള്‍പ്പെടുമെന്നും ട്രംപ് പറഞ്ഞു. പുടിന്റെ തീരുമാനത്തില്‍ താന്‍ സന്തുഷ്ടനല്ലെന്നും മോസ്‌കോയില്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുനന്നുണ്ടെന്നും ട്രംപ് കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.