
ഭക്ഷ്യോത്പന്നങ്ങളുടെ ഇറക്കുമതി ചുങ്കം വെട്ടിക്കുറച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബീഫ്, കോഫി, നേന്ത്രപ്പഴം ഉള്‍പ്പെടെയുള്ള അവശ്യ ഭക്ഷ്യവസ്തുക്കള്‍ക്കാണ് വെള്ളിയാഴ്ച മുതല്‍ ഇളവ് അനുവദിച്ചത്.
തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ താന്‍ നടപ്പിലാക്കിയ ഇറക്കുമതി തീരുവകള്‍ പണപ്പെരുപ്പത്തിന് കാരണമാകുന്നില്ല എന്നായിരുന്നു ട്രംപിന്റെ മുന്‍ നിലപാട്. എന്നാല്‍, സെപ്റ്റംബറിലെ കണക്കുകള്‍ പ്രകാരം, ബീഫിന് ഏകദേശം 13 ശതമാനവും വാഴപ്പഴത്തിന് 7 ശതമാനവും തക്കാളിക്ക് 1 ശതമാനവും വില വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഉത്പന്നങ്ങളുടെ വില വര്‍ധനവ് അമേരിക്കയിലെ സാധാരണ കുടുംബങ്ങളുടെ ജീവിതച്ചെലവിനെ സാരമായി ബാധിച്ചതോടെയാണ് താരിഫ് വെട്ടിക്കുറയ്ക്കാന്‍ ട്രംപ് നിര്‍ബന്ധിതനായത്.
വിര്‍ജീനിയ, ന്യൂജേഴ്സി, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലെ പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ ഡെമോക്രാറ്റുകള്‍ വിജയിച്ചതിന് പിന്നാലെ, ജനങ്ങളുടെ താങ്ങാനാവാത്ത ജീവിതച്ചെലവ് രാജ്യത്ത് പ്രധാന ചര്‍ച്ചാവിഷയമായിരുന്നു. ഈ രാഷ്ട്രീയ സാഹചര്യത്തില്‍, പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള സമ്മര്‍ദ്ദം ട്രംപിന് മേല്‍ വര്‍ധിച്ചു.
പുതിയ വ്യാപാരക്കരാറുകള്‍ക്ക് വൈകാതെ തുടക്കമാകുമെന്ന് വ്യാഴാഴ്ച ട്രംപിന്റെ ഓഫീസ് അറിയിച്ചു. പുതിയ കരാറുകള്‍ ആരംഭിക്കുന്നതോടെ, അര്‍ജന്റീന, ഇക്വഡോര്‍, ഗ്വാട്ടമല, സാല്‍വദോര്‍ എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 20-ഓളം ഭക്ഷ്യസാധനങ്ങളുടെ ഇറക്കുമതിച്ചുങ്കം വെട്ടിച്ചുരുക്കുമെന്നും ട്രംപ് അറിയിച്ചു.