ഇറാനെ തകര്‍ക്കുമെന്ന് ട്രംപിന്റെ ഭീഷണി; തിരിച്ചടിക്കുമെന്ന് ഇറാന്‍; പശ്ചിമേഷ്യയില്‍ യുദ്ധഭീതി

Jaihind News Bureau
Monday, April 6, 2026

വാഷിംഗ്ടണ്‍/ടെഹ്‌റാന്‍: നിശ്ചിത സമയപരിധിക്കുള്ളില്‍ സമാധാന കരാറില്‍ എത്തിയില്ലെങ്കില്‍ ഇറാനെ പൂര്‍ണ്ണമായും തകര്‍ക്കുമെന്ന കടുത്ത ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൊവ്വാഴ്ചയ്ക്കകം ധാരണയിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഇറാന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് വന്‍ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇതിന് മറുപടിയായി ഇസ്രായേലിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും സമാനമായ കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്ന് ഇറാനും പ്രഖ്യാപിച്ചതോടെ മേഖലയില്‍ യുദ്ധഭീതി ശക്തമായി.

അടുത്ത 48 മണിക്കൂര്‍ നിര്‍ണ്ണായകമാണെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ‘ചൊവ്വാഴ്ചയ്ക്കകം കരാറില്‍ എത്തിയില്ലെങ്കില്‍ ആ രാജ്യം മുഴുവന്‍ ഞങ്ങള്‍ തകര്‍ക്കും. സമാധാന കരാറിന് സാധ്യതയുണ്ട്, എന്നാല്‍ അവര്‍ അതിന് തയ്യാറായില്ലെങ്കില്‍ അവിടുത്തെ സകലതും ഇല്ലാതാക്കും,’ ട്രംപ് വ്യക്തമാക്കി. ഇറാന്റെ പവര്‍ പ്ലാന്റുകളും പാലങ്ങളും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുമെന്നാണ് സൂചന. ആക്രമണത്തില്‍ ഉണ്ടായേക്കാവുന്ന ആള്‍നാശത്തെക്കുറിച്ചുള്ള ആശങ്കകള്‍ അദ്ദേഹം തള്ളിക്കളഞ്ഞു.
തിരിച്ചടിക്കുമെന്ന് ഇറാന്‍

അമേരിക്കയുടെ ഭീഷണിക്ക് അതേ നാണയത്തിലാണ് ഇറാന്‍ മറുപടി നല്‍കിയത്. ഇറാന്‍ ആക്രമിക്കപ്പെട്ടാല്‍ ഇസ്രായേലിലെയും അമേരിക്കന്‍ സഖ്യകക്ഷികളായ ഗള്‍ഫ് രാജ്യങ്ങളിലെയും അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ പ്രത്യാക്രമണം നടത്തുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടാഴ്ചയായി പാകിസ്ഥാന്‍, ഈജിപ്ത്, തുര്‍ക്കി എന്നിവര്‍ മുഖേന പരോക്ഷ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ഈ ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി ഉണ്ടാകാത്തതാണ് നിലവിലെ പ്രകോപനത്തിന് കാരണം. വെടിനിര്‍ത്തല്‍ കരാറിലെത്താന്‍ അമേരിക്ക സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെങ്കിലും ഇറാന്‍ വഴങ്ങിയിട്ടില്ല.

ചൊവ്വാഴ്ചത്തെ സമയപരിധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ലോകം ഏറെ ആശങ്കയോടെയാണ് പശ്ചിമേഷ്യയിലെ നീക്കങ്ങളെ ഉറ്റുനോക്കുന്നത്.