‘മോദിക്ക് അറിയാമായിരുന്നു എനിക്ക് സന്തോഷമില്ലെന്ന്’; റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ട്രംപ്; ഇന്ത്യയ്ക്ക് വീണ്ടും താരിഫ് ഭീഷണി

Jaihind News Bureau
Monday, January 5, 2026

 

റഷ്യയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതി തുടരുന്നതില്‍ ഇന്ത്യയ്ക്കെതിരെ കടുത്ത നടപടി സൂചിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഞായറാഴ്ച എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇന്ത്യക്കെതിരെ പുതിയ താരിഫ് ഭീഷണി മുഴക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തന്റെ അതൃപ്തിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്നും തന്നെ സന്തോഷിപ്പിക്കുക എന്നത് പ്രധാനമായിരുന്നുവെന്നും ട്രംപ് പറഞ്ഞു.

‘പ്രധാനമന്ത്രി മോദി വളരെ നല്ലൊരു മനുഷ്യനാണ്. എനിക്ക് ഈ വിഷയത്തില്‍ അതൃപ്തിയുണ്ടെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. എന്നെ സന്തോഷിപ്പിക്കുക എന്നത് പ്രധാനമായിരുന്നു. അവര്‍ വ്യാപാരം നടത്തുന്നു, ഞങ്ങള്‍ക്ക് അവരുടെ മേല്‍ വളരെ വേഗത്തില്‍ താരിഫ് വര്‍ദ്ധിപ്പിക്കാന്‍ കഴിയും’- ട്രംപ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം റഷ്യന്‍ എണ്ണ വാങ്ങിയതിന്റെ പേരില്‍ ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ട്രംപ് 25 ശതമാനം അധിക നികുതി ചുമത്തിയിരുന്നു. ഇതോടെ ചില വിഭാഗങ്ങളില്‍ ആകെ നികുതി 50 ശതമാനമായി ഉയര്‍ന്നു. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വലിയ വിള്ളലുകള്‍ ഉണ്ടാക്കിയിരുന്നു.

ഇന്ത്യയും ചൈനയും കുറഞ്ഞ വിലയ്ക്ക് അരി വിപണിയില്‍ എത്തിക്കുന്നത് അമേരിക്കന്‍ കര്‍ഷകരെ ബാധിക്കുന്നുവെന്ന പരാതിയില്‍ ഇന്ത്യന്‍ അരിക്ക് മേല്‍ പുതിയ താരിഫ് ഏര്‍പ്പെടുത്തുമെന്നും ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്കന്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ കൂടുതല്‍ വിപണി സൗകര്യം വേണമെന്ന് വാഷിംഗ്ടണ്‍ ആവശ്യപ്പെടുമ്പോള്‍, സ്വന്തം കര്‍ഷകരെയും ക്ഷീരമേഖലയെയും സംരക്ഷിക്കണമെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ. വ്യാപാര തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ട്രംപിന്റെ പുതിയ പരാമര്‍ശം. താരിഫ് ഏര്‍പ്പെടുത്തുന്നതിലൂടെ ഏത് പ്രശ്‌നവും രണ്ട് മിനിറ്റിനുള്ളില്‍ പരിഹരിക്കാമെന്നാണ് ട്രംപിന്റെ വാദം.