സിറിയയിലെ ഐഎസിന്‍റെ പതനം ഒരാഴ്ചയ്ക്കകം പൂർണമാകും : ട്രംപ്

ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ സിറിയയിലെ പതനം ഒരാഴ്ചയ്ക്കകം പൂർണമാകുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഐഎസിനെതിരായ യുദ്ധത്തിന്‍റെ ഭാവി നടപടികൾ ചർച്ച ചെയ്യാൻ വാഷിംഗ്ടൺ ഡിസിയിൽ ചേർന്ന കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഴുപതു രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ കോൺഫറൻസിൽ പങ്കെടുത്തു. സിറിയയിൽ ഐഎസിന്‍റെ നിയന്ത്രണത്തിലുള്ള അവസാന പ്രദേശവും ഒരാഴ്ചയ്ക്കകം പിടിച്ചെടുക്കാനാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. യുഎസിന്‍റെയും സഖ്യകക്ഷികളുടെയും സേനകളും സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സസും ചേർന്ന് ഭൂരിഭാഗം പ്രദേശങ്ങളും ഐഎസ് മുക്തമാക്കിക്കഴിഞ്ഞു.

ഐഎസ് കാലിഫേറ്റിന്‍റെ സമ്പൂർണ പരാജയത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഒരാഴ്ചയ്ക്കകം നടത്താനാകുമെന്നു കരുതുന്നു. യുഎസിന്‍റെ നേതൃത്വത്തിൽ കൈക്കൊണ്ട തന്ത്രങ്ങളാണ് ഐഎസിന്‍റെ പരാജയം ഉറപ്പുവരുത്തിയത്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ 20,000 ചതുരശ്ര മൈൽ പ്രദേശം അവരിൽനിന്നു വീണ്ടെടുക്കാനായി. ഐഎസിലെ അവസാന വ്യക്തിയെ വരെ ഇല്ലാതാക്കും- ട്രംപ് കൂട്ടിച്ചേർത്തു.

ഇറാക്കിലും സിറിയയിലുമായി ഒരു ശതമാനം പ്രദേശം മാത്രമാണ് ഐഎസിൻറെ നിയന്ത്രണത്തിലുള്ളതെന്നാണ് ഐഎസിനെതിരേ പോരാടുന്ന ആഗോള സഖ്യം മുമ്പറിയിച്ചിട്ടുള്ളത്.
അതേസമയം അഫ്ഗാനിസ്ഥാൻ, ലിബിയ, ഈജിപ്തിലെ സീനായ്, പടിഞ്ഞാറൻ ആഫ്രിക്ക എന്നിവിടങ്ങളിൽ ഐഎസിന് ഇപ്പോഴും സ്വാധീനമുണ്ട്. സിറിയയിൽ വിന്യസിച്ചിരുന്ന 2,000 യുഎസ് ഭടന്മാരെ പിൻവലിക്കാനുള്ള തീരുമാനം ട്രംപ് ഡിസംബറിൽ പ്രഖ്യാപിച്ചിരുന്നു.

Donald TrumpsyriaISISIraq
Comments (0)
Add Comment