DONALD TRUMP| ഗാസയിലെ ജനങ്ങള്‍ക്ക് ഭക്ഷണം എത്തിക്കുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധയെന്ന് ട്രംപ്; ഇസ്രയേലിന്റെ അധിനിവേശ നീക്കങ്ങളോട് പ്രതികരിച്ചില്ല

Jaihind News Bureau
Wednesday, August 6, 2025

Donald-Trump-Sad

ഗാസയിലെ ജനങ്ങള്‍ക്ക് ഭക്ഷണം എത്തിക്കുന്നതിലാണ് ഇപ്പോള്‍ തന്റെ പ്രധാന ശ്രദ്ധയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഗാസ പിടിച്ചെടുക്കാന്‍ പദ്ധതിയിടുന്നെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കാന്‍ ട്രംപ് തയ്യാറായില്ല. ഗാസയെക്കുറിച്ച് മറ്റ് കാര്യങ്ങള്‍ പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. ഇസ്രയേലും അറബ് രാജ്യങ്ങളും ചേര്‍ന്ന് ഗാസയിലെ ജനങ്ങള്‍ക്ക് ഭക്ഷണവും അവശ്യസാധനങ്ങളും സാമ്പത്തിക സഹായവും നല്‍കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. നേരത്തെ, ഗാസ അമേരിക്ക ഏറ്റെടുക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത് വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.

അതേസമയം, ഗാസയില്‍ ഇസ്രയേല്‍ ആക്രമണം രൂക്ഷമായി തുടരുകയാണ്. ചൊവ്വാഴ്ച ചേര്‍ന്ന ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഗാസ കീഴടക്കാന്‍ നെതന്യാഹു പദ്ധതിയിടുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ യോഗത്തില്‍ നെതന്യാഹുവിനൊപ്പം പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ്, മന്ത്രി റോണ്‍ ഡെര്‍മര്‍, സേനാ മേധാവി ലഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീര്‍ എന്നിവരും പങ്കെടുത്തു. വെടിനിര്‍ത്തലിനായുള്ള അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമായിരിക്കുന്നതിനിടെയാണ് നെതന്യാഹുവിന്റെ ഈ നീക്കം.