ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മില്‍ അലാസ്‌കയില്‍ നടന്ന ഉച്ചകോടിയെ സ്വാഗതം ചെയ്ത് ഇന്ത്യ. സമാധാനം സ്ഥാപിക്കുന്നതിനുള്ള ഇരുനേതാക്കളുടെയും ശ്രമങ്ങളെ ‘അങ്ങേയറ്റം പ്രശംസനീയം’ എന്ന് വിശേഷിപ്പിച്ച വിദേശകാര്യ മന്ത്രാലയം, ഉക്രെയ്ന്‍ സംഘര്‍ഷം പരിഹരിക്കാന്‍ നയതന്ത്രപരമായ ചര്‍ച്ചകളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.
‘അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മില്‍ അലാസ്‌കയില്‍ നടന്ന ഉച്ചകോടിയെ ഇന്ത്യ സ്വാഗതം ചെയ്യുന്നു. സമാധാനത്തിനായുള്ള അവരുടെ നേതൃത്വം വളരെ പ്രശംസനീയമാണ്’ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ‘ഉച്ചകോടിയിലുണ്ടായ പുരോഗതിയെ ഇന്ത്യ അഭിനന്ദിക്കുന്നു. സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ മുന്നോട്ട് പോകാന്‍ കഴിയൂ. ഉക്രെയ്‌നിലെ സംഘര്‍ഷം നേരത്തെ അവസാനിക്കാനാണ് ലോകം ആഗ്രഹിക്കുന്നത്,’ പ്രസ്താവന കൂട്ടിച്ചേര്‍ക്കുന്നു
ധാരണകളില്ലാതെ ഉച്ചകോടി പിരിഞ്ഞു
യൂറോപ്പില്‍ 1945-ന് ശേഷമുള്ള ഏറ്റവും രക്തരൂക്ഷിതമായ ഉക്രെയ്ന്‍ യുദ്ധം നാലാം വര്‍ഷത്തിലേയ്ക്കു കടന്നിരിക്കുന്നു. എന്നാല്‍ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് നിര്‍ണായക ധാരണകളൊന്നും ഉണ്ടാക്കാനാവാതെയാണ് ട്രംപ്-പുടിന്‍ ഉച്ചകോടി വെള്ളിയാഴ്ച അവസാനിച്ചത്. അലാസ്‌കയില്‍ ഏകദേശം മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം, ‘വളരെ ഫലപ്രദമായ’ പുരോഗതിയുണ്ടായെങ്കിലും അന്തിമ കരാറിലെത്താന്‍ സാധിച്ചില്ലെന്ന് ട്രംപ് സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.