ഡോണൾഡ് ട്രംപ്-കിം ജോംഗ് ഉന്‍ ദ്വിദിന ഉച്ചകോടി ഇന്ന് വിയറ്റ്‌നാമില്‍

Jaihind Webdesk
Wednesday, February 27, 2019

അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നും തമ്മിലുള്ള ദ്വിദിന ഉച്ചകോടി വിയറ്റ്‌നാം തലസ്ഥാനമായ ഹാനോയിയിൽ ഇന്നാരംഭിക്കും. ഇരുനേതാക്കളും ഇന്നലെ ഹാനോയിയിൽ എത്തി.

എയർഫോഴ്‌സ് വണ്ണിൽ ട്രംപ് എത്തുന്നതിനു മണിക്കൂറുകൾക്കു മുന്‌പേ സ്വന്തം ട്രെയിനിൽ വിയറ്റ്‌നാം അതിർത്തിയിൽ എത്തിയ കിം പിന്നീട് ആഡംബര കാറിലാണ് ഹാനോയിയിലെത്തിയത്. ഉത്തരകൊറിയയുടെ ആണവനിരായുധീകരണം സംബന്ധിച്ച തുടർചർച്ചകളാണ് ഉച്ചകോടിയുടെ പ്രധാന അജണ്ട. കൊറിയൻ യുദ്ധം അവസാനിച്ചതായി ഉച്ചകോടിയിൽ പ്രഖ്യാപനമുണ്ടായേക്കുമെന്നു ദക്ഷിണകൊറിയൻ മാധ്യമങ്ങൾ സൂചിപ്പിച്ചു.

കിമ്മും ട്രംപും ഇന്നു വൈകിട്ട് ഒരുമിച്ചിരുന്ന് അത്താഴം കഴിച്ചുകൊണ്ടായിരിക്കും ഉച്ചകോടിക്കു തുടക്കമിടുക. ഹാനോയി ഓപ്പറ ഹൗസിലായിരിക്കും അത്താഴമെന്നു സൂചനയുണ്ട്. നാളെ ഔദ്യോഗിക ചർച്ചകൾ നടക്കും. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ, വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് മിക് മുൽവേനി തുടങ്ങിയവർ ട്രംപിനൊപ്പം ചർച്ചയിൽ പങ്കെടുക്കും.

ഉച്ചകോടിക്കു മുന്പായി വിയറ്റ്‌നാം പ്രസിഡൻറിനെയും പ്രധാനമന്ത്രിയെയും ട്രംപ് സന്ദർശിക്കും.
കഴിഞ്ഞവർഷം ജൂണിൽ സിംഗപ്പൂരിലായിരുന്നു ആദ്യ ഉച്ചകോടി. ഭരണത്തിലിരിക്കുന്ന അമേരിക്കൻ പ്രസിഡൻറ് ഉത്തരകൊറിയൻ നേതാവിനെ നേരിട്ടു കണ്ടത് ചരിത്രമായി. ഉത്തരകൊറിയയുടെ ആണവ നിരായുധീകരണം യാഥാർഥ്യമാകുമെന്ന് ഈ ഉച്ചകോടിയിൽ ട്രംപ് പ്രഖ്യാപിച്ചു.