അമേരിക്കയുടെ ജനാധിപത്യ ചരിത്രത്തിലെ ശ്രദ്ധേയമായ പ്രതിഷേധങ്ങളിലൊന്നിന് സാക്ഷ്യം വഹിച്ചുകൊണ്ട്, ട്രംപ് ഭരണകൂടത്തിനെതിരെ രാജ്യത്തുടനീളം ‘നോ കിങ്‌സ് മാര്‍ച്ച്’ എന്ന പേരില്‍ വ്യാപക പ്രതിഷേധ റാലികള്‍ അരങ്ങേറി. ഭരണാധികാരികള്‍ രാജാക്കന്മാരെപ്പോലെ ഏകപക്ഷീയമായി പെരുമാറുന്നതിനെതിരായ ശക്തമായ സാമൂഹിക പ്രതിരോധമാണ് ഈ മാര്‍ച്ചിലൂടെ അമേരിക്കയില്‍ അലയടിച്ചത്. ട്രംപിന്റെ നടപടികള്‍ ജനാധിപത്യ വിരുദ്ധമാണെന്ന് ആരോപിച്ചുകൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് പ്രതിഷേധങ്ങളില്‍ പങ്കെടുത്തത്. 50 സംസ്ഥാനങ്ങളിലായി 2500-ലധികം റാലികളാണ് സംഘടിപ്പിച്ചത്.
പ്രധാന നഗരങ്ങളില്‍ മാത്രമല്ല, ചെറുപട്ടണങ്ങളില്‍ പോലും വന്‍ ജനപങ്കാളിത്തമുണ്ടായ ഈ പ്രതിഷേധത്തിന് കാരണം ട്രംപ് ഭരണകൂടത്തിന്റെ നിരവധി ഏകപക്ഷീയ നടപടികളാണ്. ഇമിഗ്രേഷന്‍ റെയ്ഡുകള്‍, നഗരങ്ങളില്‍ സൈന്യത്തെ വിന്യസിക്കാനുള്ള നീക്കങ്ങള്‍, സുപ്രധാന സര്‍ക്കാര്‍ പദ്ധതികള്‍ വെട്ടിച്ചുരുക്കല്‍, രാഷ്ട്രീയ എതിരാളികള്‍ക്കെതിരായ നിയമ നടപടികള്‍ എന്നിവയെല്ലാം ജനരോഷം വര്‍ധിപ്പിച്ചു. പ്രതിഷേധക്കാര്‍ പൊതുവെ സമാധാനപരമായാണ് റാലികള്‍ നടത്തിയത്. ഭരണഘടനയ്ക്ക് അനുസൃതമായി മാത്രമേ സര്‍ക്കാര്‍ പ്രവര്‍ത്തിക്കാവൂ എന്ന ആവശ്യം റാലികളിലെല്ലാം പ്രധാനമായി മുഴങ്ങിക്കേട്ടു.
ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ ആയിരക്കണക്കിന് ജനങ്ങള്‍ പ്ലക്കാര്‍ഡുകളുമായി അണിനിരന്നു. ഷിക്കാഗോ, ലോസ് ആഞ്ചലസ്, വാഷിങ്ടണ്‍ ഡി.സി. തുടങ്ങിയ പ്രധാന നഗരങ്ങളെല്ലാം പ്രതിഷേധത്തിന്റെ പേരില്‍ നിശ്ചലമായി. മുന്‍നിര ഡെമോക്രാറ്റിക് നേതാക്കള്‍ക്ക് പുറമെ ഹോളിവുഡ് താരങ്ങളും മാര്‍ച്ചില്‍ പങ്കെടുത്തു. അതേസമയം, പ്രതിഷേധ റാലികളെ വൈറ്റ് ഹൗസും റിപ്പബ്ലിക്കന്‍ നേതാക്കളും രൂക്ഷമായി വിമര്‍ശിച്ചു. അമേരിക്കയെ വെറുക്കുന്നവരാണ് മാര്‍ച്ചില്‍ പങ്കെടുത്തതെന്നും, ഇത് രാജ്യത്തിനെതിരായ പ്രകടനമാണെന്നുമാണ് വൈറ്റ് ഹൗസ് പ്രതികരിച്ചത്.