ട്രംപ് ബഡാ ദോസ്ത് തന്നെ; നാടുകടത്തലും വിലങ്ങുവയ്ക്കുന്നതിലും പുതുമയില്ല; അമേരിക്കന്‍ നടപടിയെ ന്യായീകരിച്ച് കേന്ദ്രസർക്കാർ

Jaihind News Bureau
Thursday, February 6, 2025

ഡൽഹി: അനധികൃതമായി അമേരിക്കയില്‍ താമസിച്ചിരുന്ന ഇന്ത്യന്‍ പൗരന്‍മാരെ 40 മണിക്കൂര്‍ ചങ്ങലക്കിട്ട് സൈനിക വിമാനത്തില്‍ നാടുകടത്തിയ അമേരിക്കയുടെ നടപടിയില്‍ രാജ്യം ശക്തമായി പ്രതിഷേധിക്കുകയാണ്. അപ്പോഴും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം തുടരുന്നു. ഇന്ന് പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ച് രാജ്യസഭയിലും ലോക്‌സഭയിലും വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. എന്നാൽ പ്രധാനമന്ത്രി ഈ വിഷയത്തില്‍ അഭിപ്രായം പറയുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. അതുണ്ടായില്ല.

രാജ്യസഭയില്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അമേരിക്കയുടെ നടപടികളെയെല്ലാം ന്യായീകരിക്കുന്നതും കണ്ടു. അമേരിക്കയില്‍ നിന്ന് ഇന്ത്യക്കാരെ നാടുകടത്തുന്നത് ആദ്യ സംഭവമല്ല, 2009 മുതല്‍ അനധികൃതമായി കുടിയേറിയവരെ തിരിച്ചയക്കുന്നുണ്ട്. നിയമവിരുദ്ധമായി താമസിക്കുന്നവരെ തിരികെ അയക്കുമ്പോള്‍ സ്വീകരിക്കേണ്ടത് രാജ്യത്തിന്റെ ബാധ്യതയാണന്നുമായിരുന്നു വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന. സ്ത്രീകളേയും കുട്ടികളേയും ഒഴികെയുളളവരെയാണ് വിലങ്ങുവച്ചത്. ഇതില്‍ പുതുമയില്ല. നേരത്തേയും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. സൈനിക വിമാനത്തില്‍ 104 ഇന്ത്യാക്കാരെ എത്തിക്കുന്ന വിവരം നേരത്തെ തന്നെ അറിയാമായിരുന്നു എന്നും മന്ത്രി വ്യക്തമാക്കി.

വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന തൃപ്തികരമല്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. ഭീകരരെ പോലെയാണ് ഇന്ത്യക്കാരോട് പെരുമാറിയത്. അപമാനിച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. ട്രംപുമായി നരേന്ദ്ര മോദി നടത്തുന്ന ചര്‍ച്ചയില്‍ ഈ വിഷയം ഉന്നയിക്കുമോ എന്ന ചോദ്യത്തിനും ഭരണപക്ഷത്തിന് മറുപടിയുണ്ടായില്ല.