
വാഷിംഗ്ടണ്‍: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയതിന് പിന്നാലെ, ഡൊണാള്‍ഡ് ട്രംപ് തന്റെ അടുത്ത ലക്ഷ്യമായി ഗ്രീന്‍ലാന്‍ഡിനെ പ്രഖ്യാപിച്ചു. പടിഞ്ഞാറന്‍ അര്‍ദ്ധഗോളത്തില്‍ അമേരിക്കയുടെ ആധിപത്യം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ‘ഡൊണ്‍റോ സിദ്ധാന്തം’.
ഗ്രീന്‍ലാന്‍ഡിനെ വെറുമൊരു മഞ്ഞുദ്വീപായല്ല, മറിച്ച് തന്ത്രപ്രധാനമായ ഒരു സൈനിക കേന്ദ്രമായാണ് അമേരിക്ക കാണുന്നത്. ആര്‍ട്ടിക് മേഖലയില്‍ റഷ്യയും ചൈനയും സ്വാധീനം വര്‍ധിപ്പിക്കുന്നത് തടയാന്‍ ഗ്രീന്‍ലാന്‍ഡ് അമേരിക്കയ്ക്ക് അത്യന്താപേക്ഷിതമാണ്. മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ക്കും ബഹിരാകാശ നിരീക്ഷണത്തിനും ഗ്രീന്‍ലാന്‍ഡിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം നിര്‍ണ്ണായകമാണ്. നിലവിലുള്ള പിറ്റുഫിക് സ്‌പേസ് ബേസിനെ കൂടുതല്‍ വിപുലീകരിക്കാനും ഇതിലൂടെ സാധിക്കും.
പ്രതിരോധത്തിനപ്പുറം വന്‍ സാമ്പത്തിക താല്‍പ്പര്യങ്ങളും ഈ നീക്കത്തിന് പിന്നിലുണ്ട്. ആഗോള താപനം മൂലം മഞ്ഞുരുകുന്നത് പുതിയ കപ്പല്‍ പാതകള്‍ തുറക്കാന്‍ കാരണമായിട്ടുണ്ട്, ഇത് ഏഷ്യ-യൂറോപ്പ് യാത്രാദൂരം പകുതിയായി കുറയ്ക്കും. കൂടാതെ, ഇലക്ട്രിക് വാഹനങ്ങളുടെയും ഹൈടെക് ഉപകരണങ്ങളുടെയും നിര്‍മ്മാണത്തിന് ആവശ്യമായ ലിഥിയം, ഗ്രാഫൈറ്റ്, നിയോഡൈമിയം തുടങ്ങിയ അപൂര്‍വ ധാതുക്കളുടെ വന്‍ ശേഖരം ഗ്രീന്‍ലാന്‍ഡിലുണ്ട്. നിലവില്‍ ഈ വിപണി നിയന്ത്രിക്കുന്ന ചൈനയെ മറികടക്കാന്‍ ഗ്രീന്‍ലന്‍ഡ് സ്വന്തമാക്കുന്നത് വഴി സാധിക്കുമെന്നാണ് ട്രംപിന്റെ ‘ബിസിനസ് ബുദ്ധി’ കണക്കുകൂട്ടുന്നത്.
എങ്കിലും ട്രംപിന്റെ ഈ ആഗ്രഹം അത്ര എളുപ്പമാകില്ല. തങ്ങള്‍ വില്‍പ്പനയ്ക്കുള്ള ചരക്കല്ലെന്ന് ഗ്രീന്‍ലന്‍ഡ് പ്രധാനമന്ത്രി ജെന്‍സ് ഫ്രെഡറിക് നീല്‍സണ്‍ വ്യക്തമാക്കി. ഗ്രീന്‍ലാന്‍ഡിനെ ബലമായി പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നത് നാറ്റോ സഖ്യത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സണ്‍ കടുത്ത മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ചര്‍ച്ചകളിലൂടെയോ സാമ്പത്തിക ഉടമ്പടികളിലൂടെയോ ഈ ‘റിയല്‍ എസ്റ്റേറ്റ് ഡീല്‍’ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ട്രംപ് ഭരണകൂടം.