ഇന്ത്യ-പാക് സംഘര്‍ഷം നിര്‍ത്തിയതില്‍ ട്രംപ് അവകാശവാദം തുടരുന്നു, മോദിക്ക് മൗനം: ചോദ്യങ്ങളുമായി കോണ്‍ഗ്രസ്

Jaihind News Bureau
Tuesday, May 13, 2025

ന്യൂഡല്‍ഹി: വ്യാപാര ബന്ധങ്ങള്‍ വിച്ഛേദിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇന്ത്യയും പാകിസ്ഥാനും സംഘര്‍ഷം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നതിനെ കോണ്‍ഗ്രസ് ചോദ്യം ചെയ്തു. പ്രധാനമന്ത്രി മോദിയുടെ രാജ്യത്തോടുള്ള അഭിസംബോധനയ്ക്ക് മിനിറ്റുകള്‍ക്ക് മുന്‍പായിരുന്നു ട്രംപിന്റെ ഈ വിവാദ പരാമര്‍ശം.

പ്രധാനമന്ത്രിയുടെ പ്രസംഗത്തിലുടനീളം ഈ വിഷയത്തില്‍ അദ്ദേഹം പാലിച്ച മൗനം തന്നെ അത്ഭുതപ്പെടുത്തിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പറഞ്ഞു. സിന്ദൂരത്തിനൊപ്പം വിലപേശല്‍ സാധ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു . സ്ത്രീകളുടെ അന്തസ്സും ത്യാഗവും വിട്ടുവീഴ്ചയ്ക്ക് അതീതമാണ് , ഖേര കൂട്ടിച്ചേര്‍ത്തു. ഇരുരാജ്യങ്ങളും പോരാട്ടം തുടര്‍ന്നാല്‍ യുഎസ് വ്യാപാര ഇടപാടുകള്‍ നിര്‍ത്തിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ട്രംപ് തിങ്കളാഴ്ച അവകാശപ്പെട്ടത്.

പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് ശേഷം, പവന്‍ ഖേര, ജയറാം രമേശ് എന്നിവരുള്‍പ്പെടെ നിരവധി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ വിഷയത്തില്‍ മറുപടി ആവശ്യപ്പെട്ട് രംഗത്തെത്തി. ട്രംപിന്റെ ഭീഷണിക്ക് വഴങ്ങി യുഎസ് മധ്യസ്ഥതയ്ക്ക് ഇന്ത്യ യഥാര്‍ത്ഥത്തില്‍ സമ്മതിച്ചോ എന്നും അവര്‍ ചോദിച്ചു. ‘ട്രംപിന്റെ അവകാശവാദത്തെക്കുറിച്ചും കശ്മീര്‍ വിഷയം അന്താരാഷ്ട്രവല്‍ക്കരിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളെക്കുറിച്ചും പ്രധാനമന്ത്രി മോദി എന്തുകൊണ്ട് നിശബ്ദനായി?’ പവന്‍ ഖേര ചോദിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ചും ‘ഓപ്പറേഷന്‍ സിന്ദൂറി’നെക്കുറിച്ചും സംയുക്ത പാര്‍ലമെന്ററി സമ്മേളനം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ അവകാശവാദങ്ങളെ പ്രസിഡന്റ് ട്രംപിന്റെ വെളിപ്പെടുത്തലുകള്‍ പൂര്‍ണ്ണമായും നിഷ്പ്രഭമാക്കുന്നു. പ്രധാനമന്ത്രി അവയെക്കുറിച്ച് പൂര്‍ണ്ണമായും നിശബ്ദനായത് എന്തുകൊണ്ടാണ് ? യുഎസ് മധ്യസ്ഥതയ്ക്ക് ഇന്ത്യ സമ്മതിച്ചോ? യുഎസ് ആവശ്യങ്ങള്‍ക്ക് വഴങ്ങി ഓട്ടോ, കാര്‍ഷികം, മറ്റ് മേഖലകളില്‍ ഇന്ത്യ വിപണി തുറന്നുകൊടുക്കുമോ ? കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് എക്സില്‍ കുറിച്ചു.

എന്നാല്‍, ഇന്ത്യ-പാകിസ്ഥാന്‍ ധാരണയ്ക്ക് മുന്നോടിയായി പ്രധാനമന്ത്രി മോദിയും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും തമ്മിലും, വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും തമ്മില്‍ നടന്ന വെവ്വേറെ സംഭാഷണങ്ങളില്‍ വ്യാപാര വിഷയം ചര്‍ച്ചയായിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അവകാശപ്പെടുന്നു.