
വാഷിംഗ്ടണ്‍: ഇറാനെതിരായ സൈനിക നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായി മധ്യേഷ്യയില്‍ കൂടുതല്‍ യുഎസ് സൈനികരെ വിന്യസിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ‘ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി’ മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍, ആയിരക്കണക്കിന് അധിക സൈനികരെ അയക്കുന്നതുള്‍പ്പെടെയുള്ള വിപുലമായ പദ്ധതികളാണ് പെന്റഗണും വൈറ്റ് ഹൗസും ചര്‍ച്ച ചെയ്യുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ആഗോള ഊര്‍ജ്ജ പാതയായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാന്‍ നാവിക-വ്യോമ സേനകളെ വിന്യസിക്കും. ഇറാന്റെ തീരപ്രദേശങ്ങളില്‍ കരസേനയെ ഇറക്കി നിയന്ത്രണം ഏറ്റെടുക്കുന്ന കാര്യവും ചര്‍ച്ചയിലുണ്ട്. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന ഖാര്‍ഗ് ഐലന്‍ഡ് പിടിച്ചെടുക്കാനുള്ള പദ്ധതികളും പരിഗണനയിലുണ്ട്. എന്നാല്‍ ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളെ പ്രതിരോധിക്കേണ്ടി വരുമെന്നതിനാല്‍ ഇത് അതീവ അപകടസാധ്യതയുള്ള നീക്കമാണെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യൂറേനിയം ശേഖരം പിടിച്ചെടുക്കുന്നതിനെക്കുറിച്ചും യുഎസ് ആലോചിക്കുന്നുണ്ട്.
കരസേനയെ അയക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. എങ്കിലും ഇറാന്റെ മിസൈല്‍ ശേഷി തകര്‍ക്കുക, നാവികസേനയെ ദുര്‍ബലപ്പെടുത്തുക, ആണവായുധം കൈക്കലാക്കുന്നത് തടയുക എന്നീ ലക്ഷ്യങ്ങള്‍ക്കായി പ്രസിഡന്റ് ട്രംപ് എല്ലാ സാധ്യതകളും തുറന്നിട്ടിരിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഫെബ്രുവരി 28-ന് ആരംഭിച്ച സൈനിക നീക്കത്തില്‍ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ഇതുവരെ 7,800-ലധികം ആക്രമണങ്ങള്‍ ഇറാനില്‍ നടത്തിക്കഴിഞ്ഞു. ഇതില്‍ 120-ലധികം ഇറാനിയന്‍ കപ്പലുകള്‍ തകര്‍ക്കപ്പെട്ടു. നിലവിലെ സംഘര്‍ഷത്തില്‍ ഇതുവരെ 13 യുഎസ് സൈനികര്‍ കൊല്ലപ്പെടുകയും ഇരുന്നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
പുതിയൊരു യുദ്ധത്തിലേക്ക് അമേരിക്കയെ നയിക്കില്ലെന്ന ട്രംപിന്റെ മുന്‍പത്തെ വാഗ്ദാനവും, വര്‍ദ്ധിച്ചുവരുന്ന സൈനിക നഷ്ടങ്ങളും കണക്കിലെടുക്കുമ്പോള്‍ കരസേനയെ ഇറക്കുന്നത് വലിയ രാഷ്ട്രീയ വെല്ലുവിളിയാകാനും സാധ്യതയുണ്ട്.