
വാഷിംഗ്ടണ്‍: ഇറാനുമായുള്ള സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തി കടുത്ത നടപടികളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലോകത്തെ പ്രധാന സമുദ്ര വ്യാപാര പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം പൂര്‍ണ്ണമായും തടയുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. യുഎസ് നാവികസേന ഉടന്‍ തന്നെ മേഖലയില്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്നും ഒരു കപ്പലിനെയും കടലിടുക്ക് കടക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം ഔദ്യോഗികമായി അറിയിച്ചു. ആണവ വിഷയത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഇറാന് തയ്യാറാകാത്തതാണ് സമാധാന ശ്രമങ്ങള്‍ തകരാന്‍ കാരണമെന്ന് ട്രംപ് വ്യക്തമാക്കി.
ഹോര്‍മുസ് കടലിടുക്കിലൂടെ പ്രവേശിക്കുന്നതും പുറത്തേക്ക് പോകുന്നതുമായ എല്ലാ കപ്പലുകളെയും തടയാന്‍ യുഎസ് നാവികസേനയ്ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിന് ഇറാന് ഭീഷണി ഉയര്‍ത്തുന്നുവെന്നും ലോകത്തെ ബന്ദിയാക്കി ‘പിടിച്ചുപറി’ നടത്താനാണ് ഇറാന് ശ്രമിക്കുന്നതെന്നും ട്രംപ് കുറ്റപ്പെടുത്തി. ഇറാന് നികുതിയോ ടോളോ നല്കി അന്താരാഷ്ട്ര പാതയിലൂടെ സഞ്ചരിക്കുന്ന കപ്പലുകളെയും അമേരിക്ക തടയും. ഇത്തരം കപ്പലുകള്‍ക്ക് സമുദ്രപാതയില്‍ സുരക്ഷ നല്‍കില്ലെന്ന് വ്യക്തമാക്കിയ യുഎസ്, കടലിടുക്കില്‍ ഇറാന് സ്ഥാപിച്ചിട്ടുള്ള മൈനുകള്‍ നശിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും അറിയിച്ചു.
ഇറാന്റെ ഭാഗത്തുനിന്ന് സൈനികമായ നീക്കങ്ങളുണ്ടായാല്‍ അതിശക്തമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്കി. നിലവിലെ സംഘര്‍ഷങ്ങളിലൂടെ ഇറാന്റെ നാവിക-വ്യോമസേനകളും റഡാര്‍ സംവിധാനങ്ങളും തകര്‍ക്കപ്പെട്ടുവെന്നും ഭരണനേതൃത്വം ദുര്‍ബലമായെന്നും ട്രംപ് അവകാശപ്പെട്ടു. അമേരിക്കന്‍ സൈന്യം ഏതുനിമിഷവും ആക്രമണത്തിന് സജ്ജമാണെന്നും ഇറാനില്‍ അവശേഷിക്കുന്ന സൈനിക ശേഷി കൂടി ഇല്ലാതാക്കാന്‍ മടിക്കില്ലെന്നും അദ്ദേഹം തന്റെ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
ആണവായുധ മോഹം ഉപേക്ഷിക്കാതെ ഇറാനെ ഇനി സാമ്പത്തിക ലാഭമുണ്ടാക്കാന്‍ അനുവദിക്കില്ലെന്ന കടുത്ത നിലപാടിലാണ് വൈറ്റ് ഹൗസ്. അമേരിക്കയുടെ ഈ നാവിക ഉപരോധം ആഗോള എണ്ണ വിപണിയെയും അന്താരാഷ്ട്ര ചരക്ക് നീക്കത്തെയും ഗുരുതരമായി ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇന്ധനവില കുതിച്ചുയരാന്‍ സാധ്യതയുള്ളതിനാല്‍ ലോകരാജ്യങ്ങള്‍ ആശങ്കയോടെയാണ് ഈ നീക്കത്തെ നോക്കിക്കാണുന്നത്. പശ്ചിമേഷ്യയില്‍ വീണ്ടും ഒരു യുദ്ധസാഹചര്യം ഉടലെടുത്തിരിക്കുകയാണ്.