DONALD TRUMP| വീണ്ടും ഇന്ത്യയുടെ പേര് അനാവശ്യമായി വലിച്ചിഴച്ച് ട്രംപ്; ‘ഇന്ത്യ-പാക് സംഘര്‍ഷം പോലെ’, തായ്‌ലന്‍ഡും കംബോഡിയയും ധാരണയായെന്ന് ട്രംപ്

Jaihind News Bureau
Sunday, July 27, 2025

തായ്‌ലന്‍ഡും കംബോഡിയയും വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് സമ്മതിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മില്‍ മൂന്ന് ദിവസമായി തുടരുന്ന അതിര്‍ത്തി സംഘര്‍ഷത്തിന് അറുതി വരുത്താന്‍ താന്‍ കാരണമായെന്നാണ് ട്രംപിന്റെ വാദം. സംഘര്‍ഷത്തില്‍ 30-ലധികം പേര്‍ കൊല്ലപ്പെടുകയും 1,30,000-ത്തിലധികം പേര്‍ക്ക് വീടുകള്‍ ഉപേക്ഷിച്ചു പോകേണ്ടി വരികയും ചെയ്തിരുന്ന സാഹചര്യത്തിലാണ് വെടിനിര്‍ത്തല്‍ ധാരണയായത്.’ട്രൂത്ത് സോഷ്യല്‍’ വഴിയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. കരാര്‍ ലംഘിച്ച് പോരാട്ടം തുടര്‍ന്നാല്‍ യുഎസുമായുള്ള വ്യാപാര കരാറുകളെ ബാധിക്കും എന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

കംബോഡിയയും തായിലന്‍ഡും തമ്മില്‍ ധാരണയായി എന്ന് വാദിക്കുമ്പോഴാണ് ഇന്ത്യ -പാക്കിസ്ഥാന്‍ സംഘര്‍ഷം ട്രംപ്് വീണ്ടും ഓര്‍മിപ്പിച്ചത്. ഈ സാഹചര്യത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷമാണ് ഓര്‍മ്മ വരുന്നതെന്നും അത് വിജയകരമായി ധാരണയില്‍ താന്‍ എത്തിച്ചു എന്നുമാണ് ട്രംപ് പറഞ്ഞത്.

ഇന്ത്യയില്‍ പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷത്തില്‍ താന്‍ ഇടപെട്ടു എന്നും ധാരണയാക്കി എന്നും പലതവണ ട്രംപ് അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇന്ത്യ അത് പൂര്‍ണ്ണമായും നിഷേധിക്കുകയാണ് ചെയ്തത്. പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ പുറപ്പെടുവിച്ച ഓപ്പറേഷന്‍ സിന്ധൂര്‍ എന്ന സൈനിക നീക്കത്തെ തുടര്‍ന്നാണ് ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഇതിനുശേഷം ഇരു രാജ്യങ്ങളും ധാരണ ആവുകയായിരുന്നു .