ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ മധ്യസ്ഥത വഹിച്ചെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവര്‍ത്തിച്ചുള്ള അവകാശവാദങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ട്രംപ് എന്തുകൊണ്ടാണ് അവകാശവാദം ആവര്‍ത്തിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു.
നേരത്തെ ട്രംപിന്റെ അവകാശവാദങ്ങള്‍ നിഷേധിക്കാന്‍ വിസമ്മതിച്ച നരേന്ദ്ര മോദി സര്‍ക്കാരിനെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ 73 ദിവസത്തിനിടെ 25 തവണ ട്രംപ് തന്റെ പ്രസ്താവന ആവര്‍ത്തിച്ചെന്നും വെടിനിര്‍ത്തല്‍ അവകാശവാദങ്ങള്‍ രജത ജൂബിലിയിലെത്തിയെന്നും ജയ്‌റാം രമേശ് ആരോപിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ചും തുടര്‍ന്നുണ്ടായ ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചും ചര്‍ച്ചയ്ക്ക് തയ്യാറാകാത്തതിനും അദ്ദേഹം കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു.
പഹല്‍ഗാം ഭീകരാക്രമണം, ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം തുടങ്ങിയ നിര്‍ണായക വിഷയങ്ങളില്‍ പ്രധാനമന്ത്രി ഇരുസഭകളെയും രാജ്യത്തെയും അഭിസംബോധന ചെയ്യണമെന്ന് പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടുവരികയാണ്. ട്രംപ് ആവര്‍ത്തിച്ച് ഉന്നയിച്ച അവകാശവാദങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി നല്‍കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.