കടുത്ത നടപടിയുമായി ട്രംപ് ഭരണകൂടം; വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ ഇന്റര്‍വ്യൂ മരവിപ്പിച്ചു

Jaihind News Bureau
Wednesday, May 28, 2025

Donald-Trump

വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ ഇന്റര്‍വ്യൂ താല്‍ക്കാലികമായി നിര്‍ത്താന്‍ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവ്. അമേരിക്കയില്‍ പഠിക്കാന്‍ അപേക്ഷിക്കുന്ന എല്ലാ വിദേശ വിദ്യാര്‍ത്ഥികള്‍ക്കും സോഷ്യല്‍ മീഡിയ പരിശോധന നിര്‍ബന്ധമാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ക്കു നേരെയുള്ള കടുത്ത നടപടി.

ഈ നീക്കം വിദ്യാര്‍ത്ഥി വിസ പ്രോസസ്സിംഗിനെ ഗുരുതരമായി തടസ്സപ്പെടുത്തുമെന്നും അന്താരാഷ്ട്ര എന്റോള്‍മെന്റുകളെ വളരെയധികം ആശ്രയിക്കുന്ന യുഎസ് സര്‍വകലാശാലകളെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കി. ഇതിനിടെ ഇന്ത്യക്കാരടക്കമുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി ഡോണള്‍ഡ് ട്രംപ് ഭരണകൂടം. ക്ലാസുകള്‍ ഒഴിവാക്കുകയോ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുകയോ ചെയ്യുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് വിദേശ വിദ്യാര്‍ത്ഥികള്‍ക്കും വിസ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും ഭാവിയില്‍ യുഎസ് വിസയ്ക്ക് അപേക്ഷിക്കാന്‍ കഴിഞ്ഞേക്കില്ലെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ നിലവില്‍ ഇന്റര്‍വ്യൂ അപ്പോയിന്‍മെന്റുകള്‍ ലഭിച്ചവരെ ഇത് ബാധിക്കില്ല.

2023-24 അധ്യയന വര്‍ഷത്തില്‍ യുഎസ് കോളേജുകളിലും സര്‍വകലാശാലകളിലും ചേര്‍ന്നത് 1.1 ദശലക്ഷത്തിലധികം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്റെ കണക്കുകള്‍ പറയുന്നു. നാഷണല്‍ അസോസിയേഷന്‍ ഓഫ് ഫോറിന്‍ സ്റ്റുഡന്റ് അഡൈ്വസറിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, വിദേശ വിദ്യാര്‍ത്ഥികള്‍ യുഎസ് സമ്പദ്വ്യവസ്ഥയിലേക്ക് പ്രതിവര്‍ഷം 43.8 ബില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപിക്കുകയും രാജ്യത്ത് 3,78,000-ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.

നേരത്തെ ഹാര്‍വാഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തില്‍ ട്രംപ് വിലക്കേര്‍പ്പെടുത്തിയിരുന്നു. നിലവില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ വേറെ സര്‍വ്വകലാശാലകളിലേക്ക് മാറണമെന്നായിരുന്നു നിര്‍ദേശം. അല്ലെങ്കില്‍ അവരുടെ വിദ്യാര്‍ത്ഥി വിസ റദ്ദാക്കുമെന്നും മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ജില്ലാ കോടതി ജഡ്ജ് അല്ലിസന്‍ ബറ്റഫ്‌സ്് ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു.