ഭീകരസംഘടനകളുമായി ബന്ധമുള്ള രണ്ടുപേരെ വൈറ്റ്ഹൗസ് ഉപദേശക സമിതിയില്‍ നിയമിച്ച് ട്രംപ് ഭരണകൂടം

Jaihind News Bureau
Sunday, May 18, 2025

ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി), അല്‍-ഖ്വയ്ദ തുടങ്ങിയ ഭീകര സംഘടനകളുമായി ബന്ധമുള്ളയാള്‍ ഉള്‍പ്പടെ രണ്ട് പേരെ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന് കീഴിലുള്ള വൈറ്റ് ഹൗസ് ഉപദേശക സമിതിയിലേക്ക് നിയമിച്ചതായി മാധ്യമ പ്രവര്‍ത്തകയായ ലോറ ലൂമര്‍ റിപ്പോര്‍ട്ട് ചെയ്തു. ലഷ്‌കര്‍-ഇ-തൊയ്ബയില്‍ പരിശീലനം നേടിയ ഇസ്മായില്‍ റോയര്‍, ഭീകരരെ സ്വാധീനിക്കുന്ന തരത്തില്‍ ‘പ്രകോപനപരമായ’ പ്രസംഗങ്ങള്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കുറ്റം ചുമത്തിയ ഇസ്ലാമിക പണ്ഡിതന്‍ ഷെയ്ഖ് ഹംസ യൂസഫ് എന്നിവരെയാണ് നിയമിച്ചത്.

2003ല്‍ അമേരിക്കയ്ക്കെതിരെ യുദ്ധം ചെയ്യാന്‍ ഗൂഢാലോചന നടത്തിയതും അല്‍-ഖ്വയ്ദയ്ക്കും ലഷ്‌കറിനും ഭൗതിക സഹായം നല്‍കിയതും ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ റോയറിനെതിരെ ചുമത്തിയിട്ടുണ്ട്. യുഎസ് പൗരന്മാരെ ലക്ഷ്യമിട്ടുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് ഇയാളെ 2004-ല്‍ യുഎസ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി 20 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. 2008 ലെ മുംബൈ ഭീകരീക്രമണത്തിലും ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് വിവരം. ഹമാസ് ഉള്‍പ്പെടെയുള്ള ഭീകര സംഘടനകളുമായി യൂസഫിന് ബന്ധമുണ്ടെന്നാണ് പറയപ്പടെുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.