30 വൈറസുകളുടെ ഫലം ഒരു മണിക്കൂറിനുളളില്‍; ട്രൂനാറ്റ് ടെസ്റ്റ് മെഷീന്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ സ്ഥാപിച്ചു; ഉദ്ഘാടനം നിര്‍വ്വഹിച്ച് ഷാഫി പറമ്പില്‍ എംഎല്‍എയും വികെ ശ്രീകണ്ഠന്‍ എംപിയും

 

ഷാഫി പറമ്പില്‍ എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ച് വാങ്ങിയ ട്രൂ നാറ്റ്  റാപ്പിഡ് പി.സി.ആർ ടെസ്റ്റ് മെഷീന്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ സ്ഥാപിച്ചു. കൊവിഡ് ഉള്‍പ്പെടെ മുപ്പതു വൈറസുകളുടെ പരിശോധനാഫലം ഒരു മണിക്കൂറിനുളളില്‍ ലഭ്യമാകും. എട്ട് മണിക്കൂറിനുള്ളില്‍ നാല്‍പതുപേരുടെ സാംപിളുകളും ഉപകരണത്തിലൂടെ പരിശോധിക്കാനാകും.

എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 21 ലക്ഷം രൂപയാണ് പദ്ധതിയ്ക്കായി ചെലവഴിച്ചത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതിനോടകം 45 ലക്ഷം രൂപയും ജില്ലാ ആശുപത്രിക്കായി ഷാഫി പറമ്പില്‍ എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും ചെലവഴിച്ചിരുന്നു.

ജില്ലാ ആശുപത്രിയോട് ചേര്‍ന്നുളള പ്രത്യേക കെട്ടിടത്തില്‍ പുതിയ കൊവിഡ് പരിശോധനാ കേന്ദ്രവും തുടങ്ങിയിട്ടുണ്ട്.  പരിശോധനാ കേന്ദ്രത്തിന്‍റെ  ഉദ്ഘാടനം  വികെ ശ്രീകണ്ഠന്‍ എംപിയും ഷാഫി പറമ്പില്‍ എംഎല്‍എയും ചേര്‍ന്ന് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റ് കെ. ശാന്തകുമാരി, ഡിഎംഒ കെ. പി റീത്ത തുടങ്ങിയവർ പങ്കെടുത്തു.

നിലവില്‍ കൊവിഡ് പരിശോധനയ്ക്ക് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയെയാണ് ആശ്രയിക്കുന്നത്. സ്രവം ശേഖരിച്ച് അയക്കുകയും പരിശോധനാഫലത്തിനായി മൂന്നുദിവസം വരെ കാത്തിരിക്കേണ്ടുന്നതും ഇനി ഒഴിവാക്കാനാകും. കൂടുതല്‍ ആളുകളെ പരിശോധിച്ച് വേഗത്തില്‍ പരിശോധനാ ഫലം വരുന്നത് രോഗവ്യാപനം തടയാന്‍ സാധിക്കുമെന്ന് ആരോഗ്യവിഭാഗവും  അറിയിച്ചു.

Comments (0)
Add Comment