തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിയ ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധവിമാനമായ എഫ്-35 ബിയുടെ സാങ്കേതിക തകരാറുകള്‍ പരിഹരിച്ചു. ഹൈഡ്രോളിക് സംവിധാനത്തിന്റെയും ഓക്‌സിലറി പവര്‍ യൂണിറ്റിന്റെയും തകരാറാണ് പരിഹരിച്ചത്. ബ്രിട്ടണിലെ നാവികസേനാ മേധാവിയുടെ അനുമതി ലഭിച്ചാലുടന്‍ വിമാനം അടുത്ത ആഴ്ച തിരുവനന്തചപുരത്ത് നിന്ന് കൊണ്ടുപോകും.
തകരാര്‍ പരിഹരിച്ചതോടെ ഈ മാസം 20 ന് തിരികെ പറക്കാനൊരുങ്ങുകയാണ് വിമാനം. കഴിഞ്ഞ ജൂലൈ ആറിനായിരുന്നു ബ്രിട്ടണില്‍ നിന്നുള്ള വിദഗ്ധ സംഘം വിമാനത്തിന്റെ തകരാര്‍ പരിഹരിക്കുന്നതിനായി തിരുവനന്തപുരത്തെത്തിയത്. വിദഗ്ധ പരിശീലനം നേടിയ എഞ്ചിനീയര്‍മാര്‍ അടക്കമുള്ളവരാണ് സംഘത്തിലുണ്ടായിരുന്നത്. അറബിക്കടലിലെ സൈനികാഭ്യാസത്തിനിടെ, ഇന്ധനക്കുറവ് ഉണ്ടായതിനെത്തുടര്‍ന്നാണ് ജൂണ്‍ 14ന് യുദ്ധവിമാനം തിരുവനന്തപുരത്തിറക്കിയത്. എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് വിമാന വാഹിനി കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ വിമാനത്തിന്റെ ഇന്ധനം തീരുകയായിരുന്നു. തുടര്‍ന്നാണ് വിമാനം അടിയന്തരമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കിയത്.