ചിതറയിലേത് രാഷ്ട്രീയ കൊലപാതകമാണെന്ന സിപിഎം വാദം പൊളിഞ്ഞു; ഷാജഹാൻ സിപിഎം അനുഭാവിയെന്ന വെളിപ്പെടുത്തലോടെ പാര്‍ട്ടി കൂടുതല്‍ പ്രതിരോധത്തില്‍

Jaihind Webdesk
Monday, March 4, 2019

കൊല്ലം ചിതറയിലേത് രാഷ്ട്രീയ കൊലപാതകമാണെന്ന സിപിഎം വാദം പൊളിഞ്ഞു. വ്യക്തിവൈരാഗ്യത്തിന്‍റെ പേരിലാണ് ബഷീറിനെ കുത്തിക്കൊലപ്പെടുത്തിയതെന്ന് പ്രതി ഷാജഹാൻ മൊഴി നൽകി. ഷാജഹാൻ സിപിഎം അനുഭാവിയാണെന്ന് സഹോദരൻ സുലൈമാൻ കൂടിവെളിപ്പെടുത്തിയതോടെ കൂടുതൽ പ്രതിരോധത്തിലായിരിക്കുകയാണ് സി പി എം.

ചിതറ സ്വദേശി ബഷീറിനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വൈരാഗ്യത്തിന്‍റെ പേരിലാണെന്ന് കൊട്ടിഘോഷിച്ച സിപിഎമ്മിന്റെ വാദങ്ങളെല്ലാം പൊളിച്ചടുക്കിയാണ് പ്രതി തന്നെ പോലീസിൽ മൊഴി നൽകിയിരിക്കുന്നത്. വ്യക്തിവൈരാഗ്യത്തിന്‍റെ പേരിലാണ് ബഷീറിനെ കൊലപ്പെടുത്തിയതെന്ന് പ്രതി ഷാജഹാൻ തെളിവെടുപ്പിനിടെ പൊലീസിനോട് സമ്മതിച്ചു.

സിപിഎം ആരോപണങ്ങളെ ദുർബലമാക്കുന്നതാണ് പ്രദേശവാസിയായ സ്ത്രീയുടെയും വെളിപ്പെടുത്തൽ. സി പി എം ജില്ലാ സെക്രട്ടറി സുദേവനോട് തന്നെയാണ് വ്യാജ പ്രചരണങ്ങൾക്കെതിരെ ഇവർ പ്രതികരിച്ചത്.കൊല നടക്കുന്ന സമയം തങ്ങൾക്കുറച്ച് സ്ത്രീകൾ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നതും രാഷ്ട്രീയപരമായ യാതൊരു പരാമർശവുമില്ലായിരുന്നുവെന്നും ഇവർ പറയുന്നു.

ഇതോടൊപ്പം സിപിഎമ്മിന്‍റെ വാദങ്ങൾ തള്ളി പ്രതിയുടെ സഹോദരനും രംഗത്ത് എത്തി. പരമ്പരാഗതമായി തങ്ങളുടേത് സിപിഎം കുടുംബമാണെന്നും ഷാജഹാൻ സിപിഎം അനുഭാവിയാണെന്നും സഹോദരൻ സുലൈമാൻ വെളിപ്പെടുത്തി.