വയനാട് ബിജെപിയില്‍ കലഹം രൂക്ഷം ; വീണ്ടും കൂട്ടരാജിക്ക് നീക്കം

Jaihind Webdesk
Friday, July 2, 2021

 

വയനാട് : വയനാട്  ബിജെപിയില്‍ വീണ്ടും കൂട്ടരാജിക്ക് നീക്കം. നേതൃത്വത്തിന്‍റെ ഏകപക്ഷീയ നിലപാടിനെതിരെ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ രാജിക്കൊരുങ്ങുന്നത്. രണ്ട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റുമാരും ഒരു മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്‍റും ഒരു ജനറൽ സെക്രട്ടറിയുമാണ് രാജിസന്നദ്ധത അറിയിച്ചിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരിയിൽ ഉയർന്ന കോഴ വിവാദത്തിലാണ് പാർട്ടിയിലെ പ്രശ്നങ്ങള്‍ മറനീക്കിയത്.

സുൽത്താൻബത്തേരി മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്‍റ് കെ.എൻ സജി കുമാർ, നൂൽപ്പുഴ പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി പി.കെ പ്രേമൻ, അമ്പലവയൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് എൻ.ടി അനിൽ, ചീരാൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് സുബ്രഹ്മണ്യൻ എന്നിവരാണ് രാജിക്കൊരുങ്ങുന്നത്. അനുനയ നീക്കങ്ങള്‍ക്കിടെ ഇന്ന് രാജിക്കത്ത് നല്‍കിയേക്കുമെന്നാണ് വിവരം. നിയോജകമണ്ഡലം പ്രസിഡന്‍റിനെ ഇവര്‍ കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്.

പാർട്ടി നേതൃത്വത്തിന്‍റെ ഏകപക്ഷീയമായ തീരുമാനങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ബത്തേരി മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്‍റ് കെ.എൻ സജികുമാർ പറഞ്ഞു. ജില്ലയിലെ പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ സംഘടനാ സെക്രട്ടറിയടക്കമുള്ളവരെ അറിയിക്കാൻ ശ്രമിച്ചെങ്കിലും അതൊന്നും അവർ കേൾക്കാൻ തയാറായില്ലെന്നും സജികുമാർ പറഞ്ഞു. വരുംദിവസങ്ങളിൽ കൂടുതൽപ്പേർ പാർട്ടി വിടുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട‌്. ചിലയിടങ്ങളിൽ പാർട്ടി കമ്മിറ്റികൾ പിരിച്ചുവിടാനും ചർച്ചകൾ നടക്കുന്നുണ്ട്.

തെരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേടിലെ തര്‍ക്കങ്ങള്‍ക്ക് പിന്നാലെ യുവമോർച്ച ജില്ലാ പ്രസിഡന്‍റിനെയും മണ്ഡലം പ്രസിഡന്‍റിനേയും സ്ഥാനത്തു നിന്ന് നീക്കി അച്ചടക്ക നടപടി എടുത്തിരുന്നു. യുവമോർച്ച ജില്ലാ പ്രസിഡന്‍റ് ദീപു പുത്തൻപുരയിലിനെയും  പ്രസിഡന്‍റ് ലിലിൽ കുമാറിനെയുമാണ്  തൽസ്ഥാനത്ത് നിന്ന് നീക്കിയത്. കോഴ വിവാദത്തിൽ ആരോപണം ഉയർന്ന നേതാക്കൾക്കെതിരെ ഇരുവരും  വിമർശനമുയർത്തിയിരുന്നു. ഇവരെ പുറത്താക്കിയതിന് പിന്നാലെ നേരത്തെ പാർട്ടിയില്‍ കൂട്ടരാജി ഉണ്ടായിരുന്നു. ബത്തേരി നഗരസഭാ കമ്മിറ്റി ഭാരവാഹികൾ രാജിവെച്ചതായും കമ്മിറ്റി പിരിച്ചുവിട്ടതായുമാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. വിവിധ പഞ്ചായത്ത് കമ്മിറ്റികളിലും സമാനമായി കൂട്ടരാജി ഉണ്ടായിട്ടുണ്ട്. ഇതിന് പിന്നാലെയാണിപ്പോള്‍ വീണ്ടും കൂട്ടരാജിക്ക് കളമൊരുങ്ങുന്നത്.