‘പാമ്പന്‍ പാലം ഉണ്ടാക്കിയത് പാമ്പാണോ ?, ടൈഗര്‍ ബിസ്‌ക്കറ്റില്‍ ടൈഗറുണ്ടോ?’ ; ട്രോളുകളില്‍ നിറഞ്ഞ് വി. മുരളീധരന്‍

Jaihind Webdesk
Monday, December 7, 2020

 

തിരുവനന്തപുരം : രാജീവ് ഗാന്ധി സെന്‍റർ ഫോര്‍ ബയോ ടെക്നോളജി ക്യാമ്പസിന് ഗോള്‍വാള്‍ക്കറുടെ പേരിടുന്നതിനെ ന്യായീകരിച്ച കേന്ദ്രമന്ത്രി വി മുരളീധരനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ വർഷവും വിമർശനവും.   ടൈഗര്‍ ബിസ്‌ക്കറ്റില്‍ ടൈഗര്‍ ഉണ്ടോ എന്ന് ചോദിക്കുന്നതു പോലെയാണ് മുരളീധരന്‍റെ പ്രതികരണമെന്ന് ട്രോളന്മാര്‍ പറയുന്നു.  പാമ്പന്‍ പാലം ഉണ്ടാക്കിയത് പാമ്പാണോ എന്നാണ് മറ്റൊരു ട്രോളിലെ ചോദ്യം. അടല്‍ തുരങ്കം എന്ന് പേരിട്ടത് വാജ്പേയിക്ക് തുരങ്കം പണി അറിയുന്നതുകൊണ്ടാണോ എന്നും ട്രോളന്മാർ ചോദിക്കുന്നു.

അതേസമയം വി.മുരളീധരന്‍റെ പരാമർശത്തിനെതിരെ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവർ രംഗത്തെത്തി. നെഹ്‌റുട്രോഫിയെകുറിച്ച് അറിയില്ലെങ്കിൽ മുരളീധരൻ ആരോടെങ്കിലും ചോദിച്ച് മനസിലാക്കണം എന്നും വിവരക്കേട് വിളിച്ചു പറയരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വി.മുരളീധരന്‍റേത് പദവിക്ക് നിരക്കാത്ത പ്രസ്താവനയെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപിയും പറഞ്ഞു. മന്ത്രി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നെഹ്റുവിനെ തൂക്കുന്ന ത്രാസിൽ ഗോൾവാള്‍ക്കറിനെ കയറ്റിയിരുത്തേണ്ടെന്ന് വി.ഡി സതീശന്‍ എംഎല്‍എയും ഫേസ്ബുക്കില്‍ കുറിച്ചു. ആയിരം വർഷം കഴിഞ്ഞാലും, എത്ര ചരിത്രം മാറ്റിയെഴുതാൻ ശ്രമിച്ചാലും അതിന്  കഴിയില്ലെന്നും
വി.ഡി സതീശന്‍ പറഞ്ഞു.