‘എഴുതാനല്ലെ അറിയൂ വായിക്കാനറിയില്ലല്ലോ’ ; എയറില്‍ നിന്നിറങ്ങാതെ ബിജെപി പ്രതിഷേധത്തിലെ അബദ്ധം, ട്രോള്‍വർഷം

Jaihind Webdesk
Thursday, June 17, 2021

തിരുവനന്തപുരം :  വനംകൊള്ളയ്‌ക്കെതിരായ സമരത്തില്‍ ഇന്ധനവിലവര്‍ധനയ്ക്ക് എതിരായ ഡിവൈഎഫ്‌ഐ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ച ബിജെപി അബദ്ധമായിരുന്നു സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാവിഷയം. ആറ്റിങ്ങല്‍ നഗരസഭയ്ക്ക് മുന്നില്‍   നടത്തിയ പ്രതിഷേധ സമരത്തിലാണ് ബിജെപി പ്രവര്‍ത്തകയുടെ ഇന്ധനവില വര്‍ധനക്കെതിരായ ‘പ്രതിഷേധം’. പ്രതിഷേധത്തില്‍ പങ്കെടുത്ത രണ്ട് വനിതാപ്രവര്‍ത്തകരില്‍ ഒരാളാണ് ഇത്തരത്തില്‍ അബദ്ധത്തില്‍ പ്ലകാര്‍ഡ് മാറി പിടിച്ചത്.

‘വനംകൊള്ളക്കാരെ അറസ്റ്റ് ചെയ്യുക’- എന്ന പ്ലകാര്‍ഡ് പിടിച്ച ബി.ജെ.പി പ്രവര്‍ത്തകയുടെ തൊട്ടടുത്തുണ്ടായിരുന്ന മറ്റൊരു  പ്രവര്‍ത്തകയാണ് ‘പെട്രോള്‍ സെഞ്ച്വറിയടിച്ചു പ്രതിഷേധിക്കുക -ഡിവൈഎഫ്‌ഐ’ എന്ന പ്ലകാര്‍ഡ് ഉയർത്തിയത്. പ്രതിഷേധം തുടങ്ങിയതിനു പിന്നാലെ ഇക്കാര്യം വാർത്തയായതിനുപിന്നാലെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് അബദ്ധം മനസ്സിലായത്.

അബദ്ധം തിരിച്ചറിഞ്ഞ ഉടനെ  ബി.ജെ.പി പ്രവര്‍ത്തക പ്ലകാര്‍ഡിലെ പോസ്റ്റര്‍ കീറികളയുകയും  പ്ലകാര്‍ഡ് വലിച്ചെറിയുകയും ചെയ്തു. ബി.ജെ.പി പ്രവര്‍ത്തക ഡി.വൈ.എഫ്.ഐ പ്ലകാര്‍ഡ് പിടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നിരവധി പേർ ട്രോളുകളും പരിഹാസവുമായി രംഗത്തെത്തി.