‘അന്താരാഷ്ട്ര വിപണിയില്‍ കുറഞ്ഞു, അതിന്‍റെ ഒരംശം ഇന്ത്യയില്‍ കൂട്ടി !’ : ഇന്ധനവിലയിലെ ന്യായീകരണത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരന് ട്രോളഭിഷേകം | Video

Jaihind News Bureau
Sunday, March 15, 2020

കൊറോണ ഭീതിക്കിടെ പെട്രോള്‍, ഡീസല്‍ എക്സൈസ് തീരുവ ഉയർത്തിയ നടപടിയില്‍ കേന്ദ്രമന്ത്രി വി മുരളീധരനോട് പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകർക്ക് ലഭിച്ചത് ആര്‍ക്കും മനസിലാകാത്ത മറുപടി. മന്ത്രിയുടെ വിചിത്ര ന്യായീകരണം സമൂഹമാധ്യമങ്ങളിലും ചിരിയായി പടർന്നു.

‘പെട്രോളിന്‍റെ വില കുറഞ്ഞിരിക്കുകയാണ്. അപ്പോള്‍ അതില്‍ ചെറിയൊരു എമൗണ്ട്  എന്തെങ്കിലും കൂട്ടിയിട്ടുണ്ട്. അത്രേയുള്ളൂ. ടോട്ടലായിട്ട് വർധനവ് ഉണ്ടാവുന്നില്ല. വില കുറയുകയാണ് ചെയ്തത്’ – വി മുരളീധരന്‍ പറഞ്ഞു.

ഇതിലെ ലോജിക്കെന്തെന്ന് ചോദിച്ച മാധ്യമപ്രവർത്തകരോട് ഇതില്‍ ലോജിക്കൊന്നുമില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.

‘ലോജിക്കൊന്നുമില്ല. അന്താരാഷ്ട്ര വിപണിയിൽ കുറയുമ്പോൾ, ആ കുറവിന്‍റെ ഒരംശമാണ് കൂട്ടുന്നത്. അന്താരാഷ്ട്ര വിപണിയിലെ കുറവിന്‍റെ അത്രയും തന്നെ കൂട്ടുന്നില്ല. ഇന്നലെ വരെ കൊടുത്ത വിലയിൽ കൂടുതലുണ്ടാവുന്നില്ല’ – കേന്ദ്ര മന്ത്രി തുടർന്നു.

ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് വി.വി രാജേഷ് ഉള്‍പ്പെടെയുള്ളവര്‍ വി മുരളീധരന് ഒപ്പമുണ്ടായിരുന്നു. മന്ത്രിയുടെ മറുപടിക്കിടെ ഒപ്പമുണ്ടായിരുന്നവരുടെ മുഖഭാവങ്ങളും ചിരിക്ക് വഴിയൊരുക്കി. മന്ത്രി യഥാര്‍ത്ഥത്തില്‍ എന്താണ് ഉദ്ദേശിച്ചതെന്ന് ആര്‍ക്കെങ്കിലും മനസിലായോ എന്ന് സമൂഹമാധ്യമങ്ങളിലെ ട്രോളുകളും ചോദിക്കുന്നു.

രാജ്യത്ത് കോവിഡ്-19 ഭീതി നിലനില്‍ക്കുന്നതിനിടെയാണ് പെട്രോളിനും ഡീസലിനും എക്സൈസ് തീരുവയിനത്തില്‍ 3 രൂപ വീതം കൂട്ടിയത്. അന്താരാഷ്ട്ര വിപണിയില്‍ വില കുറയുമ്പോഴുള്ള നികുതി നഷ്ടം കുറക്കുന്നതിനാണ് ഇന്ധന നികുതി കൂട്ടിയതെന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശവാദം.

https://www.youtube.com/watch?v=-t-xJQo9lxA