രഹസ്യരേഖപോലും സൂക്ഷിക്കാന്‍ കഴിയാത്തപ്പോഴാണ് രാജ്യം എന്റെ കൈയില്‍ സുരക്ഷിതമാണെന്ന് പറയുന്ന ചൗകിദാര്‍ മോദിയെ ട്രോളി സമൂഹമാധ്യമങ്ങള്‍

Wednesday, March 6, 2019

വെറും രണ്ടുകെട്ട് കടലാസുകള്‍ സൂക്ഷിക്കാന്‍ കഴിയാത്തവരാണ് രാജ്യം എന്റെകൈയില്‍ ഭദ്രമാണെന്ന് വീമ്പിളക്കി പ്രസംഗിച്ചു നടക്കുന്നത്. ഇത്തരം ട്രോളുകളും ഹാഷ്ടാഗുകളും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള യുദ്ധമുറകളായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുപറക്കുകയാണ്. സുപ്രീംകോടതിയില്‍ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ നടത്തിയ പരാമര്‍ശമാണ് നരേന്ദ്രമോദിക്കും സര്‍ക്കാരിനും എതിരെ തിരിഞ്ഞുകൊത്തുന്നത്.
റഫേല്‍ കരാറുമായ ബന്ധപ്പെട്ട രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷണം പോയിരിക്കുകയാണെന്നും അതിനെക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്നുമായിരുന്നു അറ്റോര്‍ണി ജനറല്‍ സുപ്രീംകോടതിയില്‍ അറിയിച്ചത്.

രാജ്യസുരക്ഷയുടെ പേരുപറഞ്ഞ് റഫേലില്‍ ഉയര്‍ന്നുവന്ന അഴിമതി ആരോപണത്തെ മറച്ചുവെയ്ക്കാനാണോ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം. രഹസ്യരേഖകള്‍ പോലും സൂക്ഷിക്കാന്‍ കഴിയാത്തത് എന്താണെന്നും കോടതിയുടെ പരാമര്‍ശങ്ങളും മോദിക്കും സര്‍ക്കാരിനും കുറിക്കുകൊള്ളുന്ന ചോദ്യങ്ങളായിരുന്നു. ഈ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ മോദിക്കും സര്‍ക്കാരിനും ബി.ജെ.പിക്കും എതിരായുള്ള ട്രോള്‍മഴയായി സമൂഹമാധ്യമങ്ങളില്‍ പെയ്തിറങ്ങുന്നത്.

കോടതിയുടെ പരാമര്‍ശം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. റഫേല്‍ അഴമതിയെ തെരഞ്ഞെടുപ്പ് വിഷയങ്ങളില്‍ നിന്ന് ഒഴിവാക്കാനായിരുന്നു അറ്റോര്‍ണി ജനറലിനെക്കൊണ്ട രേഖകള്‍ മോഷണം പോയതാണെന്ന് മോദിസര്‍ക്കാര്‍ പറയിപ്പിച്ചത്.