തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓക്സിജൻ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചു; അറ്റൻഡർ ഐ.സി.യുവിൽ

Jaihind News Bureau
Friday, February 6, 2026

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓക്സിജൻ സിലിണ്ടറിന്റെ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ച് വനിതാ ജീവനക്കാരിക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ കാഷ്വാലിറ്റി വാർഡിലായിരുന്നു സംഭവം. ആശുപത്രി അറ്റൻഡറായ ഫാരിഷ ബീവിക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഓക്സിജൻ സിലിണ്ടർ മാറ്റി ഘടിപ്പിക്കുന്നതിനിടെ ഫ്ലോമീറ്റർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

 സ്ഫോടനത്തെത്തുടർന്ന് ഫ്ലോമീറ്ററിലെ ഗ്ലാസ് കഷ്ണങ്ങൾ ഫാരിഷ ബീവിയുടെ നെറ്റിയിൽ ആഴത്തിൽ പതിച്ചു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ ട്രോമ ഐ.സി.യുവിലേക്ക് മാറ്റി. വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നുണ്ടെങ്കിലും ഇവരുടെ നില ആശങ്കാജനകമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മെഡിക്കൽ കോളേജിൽ സമാനമായ അപകടങ്ങൾ ആവർത്തിക്കുന്നത് രോഗികൾക്കിടയിലും ജീവനക്കാർക്കിടയിലും വലിയ ഭീതിയുണ്ടാക്കുന്നുണ്ട്. ഓക്സിജൻ സിലിണ്ടറുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും കൃത്യമായ അറ്റകുറ്റപ്പണികൾ നടക്കാത്തതാണോ അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.