തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ബാഗിനുള്ളില്‍ നവജാതശിശുവിന്റെ മൃതദേഹം; പോലീസ് അന്വേഷണം

Jaihind News Bureau
Thursday, April 2, 2026

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി വളപ്പില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. മെഡിക്കല്‍ കോളേജിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിനോട് ചേര്‍ന്നുള്ള പാര്‍ക്കിങ് ഗ്രൗണ്ടിലാണ് ബാഗിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മാസം തികയാതെ പ്രസവിച്ച കുഞ്ഞാണിതെന്നാണ് പ്രാഥമിക നിഗമനം.

വ്യാഴാഴ്ച രാവിലെയാണ് സംഭവം സുരക്ഷാ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. പാര്‍ക്കിങ് ഏരിയയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഇരുന്ന ബാഗ് സുരക്ഷാ ജീവനക്കാര്‍ തുറന്നു പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചു. പാര്‍ക്കിങ് ഗ്രൗണ്ടിലെയും ആശുപത്രി പരിസരത്തെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്.

ചികിത്സയ്ക്കല്ലാതെ മറ്റൊരാള്‍ക്ക് ഈ ഭാഗത്തേക്ക് പ്രവേശിക്കുന്നത് ബുദ്ധിമുട്ടായതിനാല്‍, ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയവരുടെ കുഞ്ഞാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. സമീപദിവസങ്ങളില്‍ പ്രസവം നടന്നവരുടെ വിവരങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി മാറ്റിയിരിക്കുകയാണ്. മെഡിക്കല്‍ കോേേളാജ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഊര്‍ജിതമാക്കി.