തിരുവനന്തപുരം നഗരസഭാ മേയർ തെരഞ്ഞെടുപ്പ് ഇന്ന്

Jaihind News Bureau
Tuesday, November 12, 2019

തിരുവനന്തപുരം നഗരസഭാ മേയർ  തെരഞ്ഞെടുപ്പ് ഇന്ന്. യു.ഡി.എഫ് കൗൺസിലർ ഡി.അനിൽകുമാർ, എൽ. ഡി.എഫിന്‍റെ ശ്രീകുമാർ, ബിജെപിയിൽ നിന്നും എം.ആർ.ഗോപൻ എന്നിവരാണ് സ്ഥാനാർത്ഥികൾ. സിപിഎമ്മിന് തനിച്ചു ഭൂരിപക്ഷമില്ലത്തതിനാൽ കാര്യങ്ങൾ എളുപ്പമാവില്ല.

വി കെ പ്രശാന്ത് വട്ടിയൂർക്കാവ് എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നാണ് മേയർ സ്ഥാനത്തേക്കു വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ 11 നാണ് തെരഞ്ഞെടുപ്പ്. കെ ശ്രീകുമാറാണ് എൽഡിഎഫ് സ്ഥാനാർഥി. ഞായറാഴ്ച രാവിലെ ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണു ശ്രീകുമാറാണ് തീരുമാനിച്ചത്. ചാക്ക കൗൺസിലറും നിലവിൽ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമാണു ശ്രീകുമാർ. ബിജെപി സ്ഥാനാർഥിയായി നേമം കൗൺസിലർ എം ആർ ഗോപൻ മൽസരിക്കും. യുഡിഎഫ് സ്ഥാനാർഥി പേട്ട നഗരസഭാ കൗൺസിലർ ഡി. അനിൽ കുമാർ ആണ് മത്സരിക്കുന്നത്.

സിപിഎമ്മിന് നഗരസഭയിൽ തനിച്ചുഭൂരിപക്ഷമില്ല. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ സിപിഎം ഭരണം മുന്നോട്ടുകൊണ്ടുപോവുകയായിരുന്നു. 43 സീറ്റിൽ എൽഡിഎഫിനും, ബിജെപിക്ക് 35ഉം, യുഡിഎഫ് 21 സീറ്റ് എന്നിങ്ങനെയാണ്, 100 സീറ്റുള്ള കോർപറേഷനിലെ കക്ഷിനില. ഒരു സീറ്റിൽ സ്വാതന്ത്രനുമുണ്ട്.