തൃശ്ശൂർ പൂരത്തിന് കൊടിയേറി ; തൃശ്ശൂരിന് ഇനി ആഘോഷദിനങ്ങൾ…

Jaihind News Bureau
Tuesday, May 7, 2019

തൃശ്ശൂർ പൂരത്തിന് കൊടിയേറി. പൂരത്തിന്‍റെ പ്രധാന പങ്ക് വഹിക്കുന്ന തിരുവമ്പാടി പാറമേക്കാവ് ക്ഷേത്രങ്ങളിലും ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റ ചടങ്ങുകൾ പൂർത്തിയായി. ഇനി പൂരപ്രേമികൾക്ക് വിശ്രമമില്ലാത്ത ദിനരാത്രങ്ങൾ

ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് തൃശ്ശൂർ പൂരത്തിന് കൊടിയേറി. തിരുവമ്പാടി ക്ഷേത്രത്തിൽ ശീവേലിക്ക് ശേഷം രാവിലെ 11:30ഓടെ തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാടിന്‍റെ കാർമികത്വത്തിൽ മണിയോടെയാണ് കൊടിയേറ്റ് ചടങ്ങുകൾ പൂർത്തീകരിച്ചു.

തുടർന്ന് 12 മണിയോടെ പാറമേക്കാവ് ക്ഷേത്രത്തിലും കൊടിയേറ്റ് ചടങ്ങുകൾ നടന്നു. പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിന്‍റെ കാർമികത്വത്തിലാണ് കൊടിയേറ്റ് ചടങ്ങുകൾ പൂർത്തിയാക്കിയത്.

തുടർന്ന് പാറമേക്കാവ് തിരുവമ്പാടി ദേവിമാർ പുറത്തേയ്ക്കെഴുന്നള്ളി. പെരുവനം കുട്ടൻമാരാർ മേളത്തോടെയാണ് പാറമേക്കാവ് ഭഗവതിയുടെ പുറത്തെഴുന്നള്ളത്ത് നടന്നത്. കൂടാതെ പുരത്തിന്‍റെ ഘടക ക്ഷേത്രങ്ങളായ കണിമംഗലം ശാസ്താവ്, ലാലൂർ ഭഗവതി, അയ്യന്തോൾ കാർത്ത്യായനി, നെയ്തലക്കാവ് ഭഗവതി, ചെമ്പൂക്കാവ് ഭഗവതി, പനമുക്കുംപിള്ളി ശാസ്താവ്, ചൂരക്കാട്ടുകര ഭഗവതി, പൂക്കാട്ടിക്കര ഭഗവതി, കാരമുക്ക് ഭഗവതി എന്നീ ക്ഷേത്രങ്ങളിലും ഇതോടൊപ്പം കൊടിയേറ്റ് നടന്നു. പൂരം കൊടിയേറ്റ് കഴിഞ്ഞതോടെ ഉപചാരം ചൊല്ലുന്ന നാൾവരെ തൃശ്ശൂരിന് ഇനി ആഘോഷദിനങ്ങൾ…