ചാലക്കുടിയിൽ പൂട്ടിക്കിടന്ന ബാറിൽ അനധികൃത മദ്യവില്പന; ബാര്‍ ജീവനക്കാരെ എക്‌സൈസ് സംഘം കയ്യോടെ പിടികൂടി

Jaihind News Bureau
Friday, April 17, 2020


തൃശൂർ ചാലക്കുടിയിൽ പൂട്ടിക്കിടന്ന ബാറിൽ അനധികൃത മദ്യവില്പന നടത്തിയ ബാര്‍ ജീവനക്കാരെ എക്‌സൈസ് സംഘം കയ്യോടെ പിടികൂടി . 6 കെയ്‌സ് വിദേശ മദ്യം ഇവരിൽ നിന്ന് പിടിച്ചെടുത്തു. ചാലക്കുടിയിലെ പഴയ ദേശീയ പാതയിൽ പ്രവർത്തിക്കുന്ന കല്ലേലി ബാറിലാണ് അനധികൃത മദ്യ വിൽപ്പന പിടികൂടിയത് .

ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തിൽ വ്യാജമദ്യ വില്പന വർധിച്ചു വരുന്ന സാഹചര്യത്തിൽ തൃശ്ശൂര്‍ എക്‌സൈസ് ഇന്‍റെലിജന്‍സും ചാലക്കുടി റേയ്ഞ്ച് സംഘവും സംയുക്തമായി നടത്തിയ പരിശോധനക്കിടയിൽ ആട്ടപ്പാടം സ്വദേശി ജോഷിയിൽ നിന്നും അളവിൽ കൂടുതൽ മദ്യം പിടികൂടി. ഇയാളെ കൂടുതൽ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ചാലക്കുടിയിലെ കല്ലേലി ബാറിൽ നിന്നുമാണ് മദ്യം വാങ്ങിയതെന്ന് വിവരം കിട്ടി. തുടർന്ന് ബാറിൽ എക്‌സൈസ് സംഘം പരിശോധന നടത്തുകയായിരുന്നു. ബാര്‍ ജീവനക്കാരായ ചേർത്തല സ്വദേശി പ്രകാശ്, കാസർകോട് സ്വദേശി ശാന്തകുമാർ എന്നിവരാണ് മദ്യം വില്പന നടത്തിയത്.

സംഭവത്തില്‍ ബാർ സീൽ ചെയ്ത് ഉടമകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് എസ്‌ക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു.