ത്രിപുര ബിജെപിയില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു; പാര്‍ട്ടി വിട്ട് ഒരു എംഎല്‍എ കൂടി കോണ്‍ഗ്രസില്‍ ചേര്‍ന്നു

Jaihind Webdesk
Saturday, December 31, 2022

 

അഗര്‍ത്തല: ത്രിപുര ബിജെപിക്ക് തിരിച്ചടിയായി ഒരു എംഎല്‍എ കൂടി പാര്‍ട്ടി വിട്ടു. ബിജെപി എംഎല്‍എയും മുതിര്‍ന്ന നേതാവുമായ ദിബ ചന്ദ്ര ഹാംഖല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പ്രതിപക്ഷ റാലിയിലായിരുന്നു ഹാംഖലിന്‍റെ  കോണ്‍ഗ്രസ് പ്രവേശനം. ഈ വര്‍ഷം ബിജെപി വിടുന്ന അഞ്ചാമത്തെയും മുന്നണി വിടുന്ന എട്ടാമത്തെയും നേതാവാണ് ദിബ ചന്ദ്ര ഹാംഖല്‍.

ഹാംഖാലിനൊപ്പം ബിജെപി നേതാവ് രാജ്കുമാർ സർക്കാർ, തൃണമൂൽ കോൺഗ്രസ് നേതാവ് രാകേഷ് ദാസ് എന്നിവരും കോൺഗ്രസിൽ ചേർന്നു. മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ ആശിഷ് സാഹ, കോൺഗ്രസ് യുവനേതാവ് ബപ്തു ചക്രവർത്തി, പാർട്ടി വക്താവ് പ്രശാന്ത ഭട്ടാചാര്യ എന്നിവർക്കൊപ്പമെത്തിയാണ് ഹാംഖാല്‍ തന്‍റെ രാജി സമര്‍പ്പിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ പാര്‍ട്ടിയിലെയും മുന്നണിയിലെയും കൊഴിഞ്ഞുപോക്ക് ബിജെപി നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്. ബിജെപി-ഐപിഎഫ്ടി ഭരണ മുന്നണിയുടെ നയങ്ങളിലും മോശം പ്രകടനത്തിലും മുന്നണിക്കുള്ളിലെ തന്നെ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്.