ത്രിപുരയിൽ മികച്ച പോളിംഗ്; 4 മണി വരെ 81.1%

Jaihind Webdesk
Thursday, February 16, 2023

അഗർത്തല: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച പോളിംഗ്. വൈകിട്ട് നാല് മണി വരെ 81.1 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. വോട്ടെടുപ്പിന്‍റെ അന്തിമഘട്ടത്തിലും ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ട നിരയാണ് കാണപ്പെട്ടത്. വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ തന്നെ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു.

ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പായി 51.42% പേർ വോട്ട് രേഖപ്പെടുത്തി. 60 സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിനായി 3,328 പോളിംഗ് ബൂത്തുകളാണുള്ളത്. ഇതിൽ 1,100 ബൂത്തുകൾ പ്രശ്നബാധിതമാണ്. 28 അതീവ പ്രശ്നബാധിത ബൂത്തുകളുമുണ്ട്. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. 28.14 ലക്ഷം വോട്ടർമാരില്‍ 14,15,223 പുരുഷൻമാരും 13,99,289 സ്ത്രീകളുമാണുള്ളത്. 259 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. മാർച്ച് രണ്ടിനാണ് വോട്ടെണ്ണൽ.

അതിനിടെ തെരഞ്ഞെടുപ്പിനിടെ കോൺഗ്രസ് പ്രവർത്തർക്ക് നേരെ ആക്രമണമുണ്ടായി. പിന്നില്‍ ബിജെപിയാണെന്ന് കോൺഗ്രസ് ആരോപിച്ചു. കോൺഗ്രസ് പ്രവർത്തകരെ വോട്ട് ചെയ്യാൻ ബിജെപിക്കാർ അനുവദിക്കുന്നില്ലെന്നും പരാതി ഉയർന്നു.