സത്യപ്രതിജ്ഞയ്ക്ക് വഴിമാറി തലസ്ഥാനത്തെ ട്രിപ്പിള്‍ ലോക്ഡൗണ്‍ ; ലംഘനങ്ങള്‍ക്കെതിരെ കണ്ണടച്ച് പൊലീസ്

 

തിരുവനന്തപുരം: മന്ത്രിസഭയുടെ സത്യപ്രതിജ്ഞാച്ചടങ്ങിനായി തലസ്ഥാനത്തെ ട്രിപ്പിള്‍ ലോക്ഡൗണില്‍ അയവ് വരുത്തി സര്‍ക്കാര്‍. കഴിഞ്ഞ ദിവസങ്ങളില്‍ കര്‍ശനപരിശോധന നടത്തിയ പൊലീസ് ഇന്ന് ലോക്ഡൗണ്‍ ലംഘനങ്ങള്‍ക്കെതിരെ കണ്ണടച്ചു. പരിശോധന ഇല്ലാത്തതിനാല്‍ വാഹനങ്ങള്‍ യഥേഷ്ടം സഞ്ചരിക്കുന്ന കാഴ്ചയാണ് തലസ്ഥാനത്ത് കാണാനായത്. ഇതോടെ നിരത്തുകളില്‍ വലിയ തിരക്ക് അനുഭവപ്പെട്ടു.

ട്രിപ്പിൾ ലോക്ഡൗണ്‍ നിലനിൽക്കുന്ന സാഹചര്യത്തില്‍ സത്യപ്രതിജ്ഞ മാമാങ്കം നടത്തുന്നതിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപക വിമർശനം ഉയരുന്നതിനുപിന്നാലെയാണ് സർക്കാർ നടപടി. ജനക്കൂട്ടത്തെ അണിനിരത്തിയുള്ള സത്യപ്രതിജ്ഞയ്ക്കെതിരെ ഹൈക്കോടതിയും രംഗത്തെത്തിയിരുന്നു. ചടങ്ങില്‍ ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.

എംഎല്‍എമാരുടെ ഭാര്യമാരും ബന്ധുക്കളും പങ്കെടുക്കുന്നത് ഒഴിവാക്കണം. പ്രത്യേക ക്ഷണിതാക്കള്‍ പങ്കെടുക്കേണ്ടതുണ്ടോ എന്ന് ചീഫ് സെക്രട്ടറി തീരുമാനിക്കണം. നിലവിലെ കൊവിഡ് സാഹചര്യം മറക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി.

ആറിന് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്ന സര്‍ക്കാര്‍ വാദം കോടതി തള്ളി. പ്രത്യേക ക്ഷണിതാക്കളുടെ കാര്യത്തില്‍ സര്‍ക്കാര്‍ കൃത്യമായ വിവരം നല്‍കിയില്ലെന്നും കോടതി വിമര്‍ശിച്ചു.

Comments (0)
Add Comment