ബി.ജെ.പി രഥയാത്രക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ്; ചാണകവെള്ളം തളിച്ച് പ്രവര്‍ത്തകര്‍; റാലിക്കെതിരെ പ്രതിഷേധം

ബി.ജെ.പിയുടെ രഥയാത്ര കടന്നുപോയ സ്ഥലങ്ങളിൽ ചാണകവെള്ളവും ഗംഗാജലവും തളിച്ച് ശുദ്ധീകരിച്ച് ബംഗാളിലെ കുച്ച് ബെഹാര്‍ ജില്ലയിലെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ. ബി.ജെ.പി പടര്‍ത്തുന്ന  വെറുപ്പിന്‍റെ വർഗീയതയെയാണ് ശുദ്ധീകരിച്ചതെന്ന് പ്രവർത്തകർ പറഞ്ഞു. ഭഗവാൻ കൃഷ്ണന്‍റെ മണ്ണാണിതെന്നും ഭഗവാന്‍റേതല്ലാത്ത മറ്റൊരു തേരും ഇങ്ങോട്ട് വരേണ്ടതില്ലെന്നും പ്രവർത്തകർ വ്യക്തമാക്കി.

ബി.ജെ.പി നടത്തുന്നത് രാവൺ യാത്രയാണെന്നും ബി.ജെ.പിയുടെ തേരുകൾ കടന്നുപോകുന്ന ഇടങ്ങളെല്ലാം ശുചീകരിക്കണമെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആഹ്വാനം ചെയ്തിരുന്നു. പഞ്ചനക്ഷത്ര രഥയാത്രയാണ് ബി.ജെ.പിയുടേതെന്നും മമത പരിഹസിച്ചു. മൂന്ന് ദിവസങ്ങളിലായി നടത്തുന്ന രഥയാത്രകളെല്ലാം ചേർന്ന് കൊൽക്കത്തയിൽ മഹാറാലിയായി ഒത്തുചേരാനാണ് ബി.ജെ.പിയുടെ നീക്കം. എന്നാല്‍ ബി.ജെ.പിയുടെ റാലിക്ക് നേരത്തെ കൊൽക്കത്ത ഹൈക്കോടതി അനുമതി നിഷേധിച്ചിരുന്നു. റാലിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനായി ബി.ജെ.പി നേതാക്കളുമായി ചര്‍ച്ച നടത്താന്‍ ഉദ്യോഗസ്ഥരെയും പോലീസ് മേധാവിയെയും കോടതി ചുമതലപ്പെടുത്തി.

bjptrinamool congressmamata banerjee
Comments (0)
Add Comment